ആലപ്പുഴ: സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വന മഹോത്സവത്തിന്റെ സമാപന സമ്മേളനവും തീരസംരക്ഷണത്തിന് ഹരിത കവചം പദ്ധതിയുടെ ഉദ്ഘാടനവും ജൂലൈ 7ന് നടക്കും. വൈകിട്ട് അഞ്ചിന് അർത്തുങ്കൽ ഹാർബറിൽ നടക്കുന്ന പരിപാടിയിൽ അർത്തുങ്കൽ ഹാർബർ മുതൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് വരെ 15 ഹെക്ടർ സ്ഥലത്ത് 1.5 ലക്ഷം കാറ്റാടി തൈകൾ നട്ടുപിടിപ്പിച്ച് സംരക്ഷണ കവചം തീർക്കുന്ന പദ്ധതി വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും.
വനം വകുപ്പ് ഏറ്റെടുത്തിട്ടുള്ള പുറക്കാട് ഗ്രാമ പഞ്ചായത്തിലെ നിർദ്ദിഷ്ട ഗാന്ധി വനത്തിന്റെ സെക്ഷൻ നാല് നോട്ടിഫിക്കേഷൻ പ്രഖ്യാപനം മന്ത്രി പി. പ്രസാദ് എച്ച് സലാം എം.എൽ.എ.യ്ക്കു നൽകി നിർവഹിക്കും.
ചടങ്ങിൽ അഡ്വ. എ.എം. ആരിഫ് എം.പി, പി.പി. ചിത്തരഞ്ജൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ഫോറസ്റ്റ് ഫോഴ്‌സസ് മേധാവി പി.കെ. കേശവൻ, ഫോറസ്റ്റ് കൺസർവേറ്റർ ഐ. സിദ്ധീഖ്, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കെ. സജി തുടങ്ങിയവർ പങ്കെടുക്കും.

