കോട്ടയം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ബുക്കിംഗിനായി അടുത്ത രണ്ടാഴ്ച്ചത്തേക്കുള്ള പുതിയ ക്രമീകരണം ജൂലൈ 2 നിലവില്‍ വരും.
വാക്സിനേഷന്റെ തലേന്നോ ഒരു ദിവസം മുന്‍പോ വൈകുന്നേരം ഏഴിന് ബുക്കിംഗിന് സൗകര്യമൊരുക്കുന്നതാണ് ജില്ലയില്‍ നിലവിലുള്ള സംവിധാനം. ഇതിനു പകരം വാക്സിനേഷന്‍ നടക്കുന്ന 83 കേന്ദ്രങ്ങളില്‍ ജൂലൈ 3 മുതൽ ഒന്നാം ഡോസ് എടുക്കേണ്ടവര്‍ക്ക് ജൂലൈ 2 വൈകുന്നേരം അഞ്ചു മുതല്‍ അടുത്ത രണ്ടാഴ്ച്ച ഏതു സമയത്തും ലഭ്യതയനുസരിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും.
രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് ആരോഗ്യ വകുപ്പ് സ്ലോട്ട് ബുക്ക് ചെയ്ത് എസ്.എം.എസ് മുഖേന വിവരം നല്‍കും. രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ക്ക് വാക്സിന്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനാണിതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.
ജില്ലയില്‍ ലഭ്യമായ വാക്സിന്‍ എല്ലാ കേന്ദ്രങ്ങളിലും തുല്യമായി എത്തിക്കും. കൂടുതല്‍ ഡോസ് കിട്ടുന്നതനുസരിച്ച് കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കും. സ്റ്റോക്ക് തീരുന്നതുമൂലം ഏതെങ്കിലും ദിവസം വാക്സിനേഷന്‍ നടക്കാതിരുന്നാല്‍ മാധ്യമങ്ങളിലൂടെ മുന്‍കൂട്ടി വിവരം അറിയിക്കും. എല്ലാ കേന്ദ്രങ്ങളിലും വാക്സിനേഷന്‍ ഉള്ളതുകൊണ്ടുതന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേന്ദ്രങ്ങളുടെ പട്ടിക പ്രത്യേകമായി പ്രസിദ്ധീകരിക്കില്ല.
ഒന്നാം ഡോസുകാര്‍ മാത്രം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയാല്‍ മതിയാകും. ബുക്കിംഗിന് മുന്‍പ് ഓരോ കേന്ദ്രത്തിലും നല്‍കുന്നത് ഏതു വാക്സിനാണെന്ന് അറിയാനാകും. രണ്ടാം ഡോസുകാര്‍ക്ക് ആദ്യ ഡോസ് എടുത്ത കേന്ദ്രത്തില്‍തന്നെ മുന്‍ഗണനാ ക്രമത്തില്‍ നല്‍കുന്നതിനാണ് ആരോഗ്യ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തുക.
രണ്ടാം ഡോസുകാരും covid19.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ടവരും ആരോഗ്യ വകുപ്പ് ഷെഡ്യൂള്‍ ചെയ്ത് എസ്.എം.എസ് അയയ്ക്കുന്നതു പ്രകാരം വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാതെയോ വാക്സിനേഷന്‍ കേന്ദ്രം അനുവദിച്ച് എസ്.എം.എസ് ലഭിക്കാതെയോ നേരിട്ട് കേന്ദ്രത്തിലെത്തി വാക്സിന്‍ സ്വീകരിക്കാനാവില്ല.

