കൽപറ്റ: സുൽത്താൻ ബത്തേരി മണ്ഡലത്തിലെ കോഴ വിവാദത്തെ ചൊല്ലി ബിജെപിയില്‍ അച്ചടക്ക നടപടിയും രാജിയും. വിഷയത്തില്‍ യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിൽ, മണ്ഡലം പ്രസിഡന്‍റ് ലിലിൽ കുമാർ എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. ഇരുവരേയും തല്‍സ്ഥാനത്ത് നിന്നും 25/06/21 വെള്ളിയാഴ്ച നീക്കം ചെയ്തു.
ദീപുവിന്റെയും ലിലില്‍ കുമാറിന്റെയും രാജിയില്‍ പ്രതിഷേധിച്ച് യുവമോർച്ചയുടെ നഗരസഭാ കമ്മറ്റി ഭാരവാഹികൾ രാജിവച്ചു. അതിനിടെ പാർട്ടി നേതൃത്വത്തിനെതിരെ ദീപു പുത്തൻപുരയിലും രംഗത്തെത്തി. ‘ആർത്തി മൂത്തു അധികാരകേന്ദ്രങ്ങൾക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തവർക്ക് മുന്നിൽ ഞങ്ങളിന്നു തോറ്റിരിക്കുന്നു’, എന്നാണ് ദീപു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

