മുംബൈ: 44ാമത് വാര്‍ഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങള്‍ വഴി നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ മുകേഷ് അംബാനിക്ക് സാധിക്കാത്ത സാഹചര്യത്തില്‍ ഓഹരി വിപണികളില്‍ റിലയന്‍സിന് കനത്ത നഷ്ടം. വാര്‍ഷിക സമ്മേളന ദിവസം തുടങ്ങിയ വില്‍പ്പന സമര്‍ദം ഇന്നലെയും വിപണികളില്‍ കനത്തു. രണ്ടുദിവസത്തിനിടെ റിലയന്‍സിന്റെ വിപണിമൂല്യത്തില്‍ 1.30 ലക്ഷംകോടി രൂപയുടെ നഷ്ടമാണുണ്ടായത്.
2,153.50ല്‍ വ്യാപാരം തുടങ്ങിയ സൂചികകള്‍ അധികം വൈകാതെ തന്നെ 2,100ലെത്തി. തുടര്‍ന്ന് ഇടിഞ്ഞ സൂചികകളുടെ ഇന്നലത്തെ ഏറ്റവും കുറഞ്ഞ മൂല്യം 2,081.10 രൂപയാണ്. വ്യാപാരാവസാനത്തോടെ നേരിയ മുന്നേറ്റം കാഴ്ചവച്ച ഓഹരികള്‍ 2,104.45ലാണു വ്യാപാരം അവസാനിപ്പിച്ചത്. നാലുദിവസത്തിനിടെ ഓഹരി വിലയില്‍ ആറുശതമാനത്തിലേറെ നഷ്ടം നേരിട്ടു. വാര്‍ഷിക സമ്മേളനം മുന്നില്‍ കണ്ട് നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് നിലവിലെ തകര്‍ച്ചയ്ക്കു കാരണം. ഐ.പി.ഒ. അടക്കമുള്ളപ്രഖ്യാപനം ഇല്ലാതെപോയതാണ് ഓഹരിയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍.