പഞ്ചായത്തില്‍ നിന്നും വീട്‌ ലഭിക്കാഞ്ഞതിനെതുടര്‍ന്ന്‌ വയോധിക കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു

കിഴക്കമ്പലം: വീട്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ പഞ്ചായത്ത്‌ അധികൃതര്‍ കബളിപ്പിച്ചതായി പരാതി. കാരുകളം പാത്തിക്കുളങ്ങര ഏലിയാമ്മ വര്‍ഗീസ്‌ (77)ആണ്‌ കിഴക്കമ്പലം പഞ്ചായത്തധികൃതര്‍ക്കെതിരെ രംഗത്തു വന്നത്‌. റോഡ്‌ വികസനത്തിന്റെ പേരില്‍ ഏലിയാമ്മയുടെ വീട്‌ പഞ്ചായത്ത്‌ അധികൃതര്‍ പൊളിച്ചുമാറ്റിയിരുന്നു. പകരം വീട്‌ നല്‍കുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും നാലുവര്‍ഷമായിട്ടും ലഭിച്ചില്ലെന്നാണ്‌ പരാതി. ഇതുവരെ സമീപ പ്രദേശങ്ങളിലെ വിവിധ ഇടങ്ങളിലായി വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കെട്ടിട ഉടമ ഇറക്കിവിട്ടതോടെ നേരത്തെ വീടിരുന്ന സ്ഥലത്ത്‌ ഏലിയാമ്മ കുത്തിയിരുപ്പു സമരം നടത്തുകയായിരുന്നു.

പ്രദേശ വാസികള്‍ അറിയിച്ചതനുസരിച്ച്‌ അഡ്വ. പിവി ശ്രീനിജന്‍,എംഎല്‍എ സ്ഥലത്തെത്തി പോലീസില്‍ വിവരമറിയിച്ചു. പോലീസ്‌ സ്ഥലത്തെത്തി വയോധികയുടെ മൊഴി രേഖപ്പടുത്തി. നാട്ടുകാരും പോലീസും ചേര്‍ന്ന്‌ സുരക്ഷിതമായ സ്ഥലത്തേക്ക്‌ അവരെ മാറ്റി. നാട്ടുകാരുടെ സഹായത്തോടെ ഏലിയാമ്മക്ക്‌ വീട്‌ നിര്‍മ്മിച്ചു നല്‍കുമെന്ന്‌ എംഎല്‍എ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →