തിരുവനന്തപുരം ആർ സി സിയിൽ ലിഫ്റ്റ് തകർന്നു വീണ് യുവതി മരിച്ച സംഭവം; വനിതാ കമ്മീഷൻ റിപ്പോർട് തേടി

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ലിഫ്റ്റ് തകര്‍ന്ന് പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നദീറയെന്ന യുവതി മരിച്ച സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍. നദീറ നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നെന്നും ആര്‍സിസി ആ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ അംഗമായ ഷാഹിദ കമാല്‍ 17/06/21 വ്യാഴാഴ്ച ആവശ്യപ്പെട്ടു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ആര്‍സിസി ഡയറക്ടറോട് ഉടന്‍ റിപ്പോര്‍ട്ട് തേടും.

കൊല്ലം പത്താനാപുരം സ്വദേശിയായിരുന്നു നദീറ. 22 വയസായിരുന്നു. അപായ സൂചന അറിയിപ്പ് നല്‍കാതെ തിരുവനന്തപുരം ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റ് തകര്‍ന്നാണ് യുവതിയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മെയ് 15 നായിരുന്നു അപകടം. ക്യാൻസർ ബാധിതയായ മാതാവിനെ പരിചരിക്കാൻ എത്തിയതായിരുന്നു നദീറ. ലിഫ്റ്റ് തകരാറിലായത് അറിയാതെ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. രണ്ട് നില താഴ്ചയിലേക്കാണ് നദീറ വീണത്. രണ്ട് മണിക്കൂറിന് ശേഷമാണ് നദീറയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇതിന് ശേഷം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നദീറ.

സംഭവത്തെ തുടർന്ന് രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. മനുഷ്യാവകാശ കമീഷനും കേസെടുത്തിരുന്നു. ഇതിനിടെ ആര്‍സിസിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് നദീറ മരിക്കാന്‍ കാരണമായതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഒരു ജീവനക്കാരനെ മാത്രം പുറത്താക്കിയതുകൊണ്ട് കാര്യമില്ലെന്ന് നദീറയുടെ സഹോദരി റജീന പറഞ്ഞു. നദീറയുടെ ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞിന് നഷ്ടപരിഹാരം നല്‍കാന്‍ ആര്‍സിസി തയ്യാറാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →