പത്തനംതിട്ട: വായന പക്ഷാചാരണം: ജില്ലാതല ഉദ്ഘാടനം 19ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: വായന ദിനത്തോട് അനുബന്ധിച്ചു പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 19ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി ജയന്‍ മുഖ്യ പ്രഭാഷണവും, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണവും നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി.ജി. ആനന്ദന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍. തുളസീധരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാനത്ത് വായന ലോകം സൃഷ്ടിക്കാന്‍ പ്രയത്‌നിച്ച പി.എന്‍ പണിക്കരോടുള്ള ആദര സൂചകമായിട്ടാണ് അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 ന് സംസ്ഥാനത്ത് വായനദിനം ആഘോഷിക്കുന്നത്.  ജൂണ്‍ 19 മുതല്‍ ജൂലൈ ഏഴ് വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം നടത്തുന്നത്. ജില്ലയിലെ എല്ലാ പൊതു ലൈബ്രറികളിലും വെള്ളിയാഴ്ച പി.എന്‍ പണിക്കര്‍ അനുസ്മരണം ഓണ്‍ലൈനായി നടക്കും. എല്ലാ പൊതു ലൈബ്രറികളിലും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കും.

ജൂണ്‍ 22 ന് ജി. ശങ്കരപിള്ള അനുസ്മരണവും ജൂണ്‍ 30ന് പൊന്‍കുന്നം വര്‍ക്കി അനുസ്മരണവും ജൂലൈ ഒന്നിന് പി. കേശവദേവ് അനുസ്മരണവും എന്‍.പി മുഹമ്മദ് ജന്മദിന ആഘോഷവും നടത്തും. ജൂലൈ അഞ്ചിന് വൈക്കം മുഹമ്മദ് ബഷീര്‍, തിരുനല്ലൂര്‍ കരുണാകരന്‍ എന്നിവരുടെ അനുസ്മരണവും സംഘടിപ്പിക്കും. 

കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. വായനാനുഭവം തയ്യാറാക്കല്‍, വായനാക്കുറിപ്പ് വീഡിയോ തയ്യാറാക്കല്‍ എന്നിവയും എസ്.എസ്.എല്‍.സി, പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഉപരിപഠന സാധ്യതകളെ സംബന്ധിച്ച് വിദഗ്ധരുടെ സഹായത്തോടെയുള്ള ഓണ്‍ലൈന്‍ മീറ്റിംഗുകളും സംഘടിപ്പിക്കും. കഥാപ്രസംഗ കലയിലെ കുലപതിയായിരുന്ന വി.സാംബശിവന്റെ ജന്മദിനത്തില്‍ ലൈബ്രറി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കഥാപ്രസംഗകലയിലെ സവിശേഷതകള്‍, കുട്ടികളുടെ അവതരണം തുടങ്ങിയവയും നടത്തും.  ജൂലൈ ഏഴിന് ഐ.വി ദാസ് ജന്മദിനാഘോക്ഷം സംഘടിപ്പിക്കുകയും വായന പക്ഷാചരണത്തിന്റെ സമാപന ചടങ്ങ് നടത്തുകയും ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →