ന്യൂഡൽഹി: വായുമലിനീകരണത്തിനെതിരെ അറ്റകൈ പ്രയോഗവുമായി ഡൽഹി സർക്കാർ. 10 വർഷത്തിൽ കൂടുതൽ പഴക്കം ചെന്ന ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കം ചെന്ന പെട്രോൾ വാഹനങ്ങളും കൈവശം ഉള്ളവർ തങ്ങളുടെ വാഹനങ്ങൾ എത്രയും വേഗം ഒഴിവാക്കുവാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. അല്ലാത്തപക്ഷം 10000 രൂപ വരെ പിഴ ഒടുക്കേണ്ടതായി വരും.ഇത് സംബന്ധിച്ച അറിയിപ്പ് ട്രാൻസ്പോർട്ട് അധികൃതർ നൽകിക്കഴിഞ്ഞു.
കണക്കനുസരിച്ച് 75 ലക്ഷത്തോളം വാഹനങ്ങൾ ഡൽഹിയുടെ നിരത്തുകളിൽ ഓടുന്നുണ്ട്. അതിൽ തന്നെ 35 ലക്ഷത്തോളം വാഹനങ്ങൾ 15 വർഷം കഴിഞ്ഞവയാണ്. 2018 ൽ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ അവസ്ഥ കണക്കിലെടുത്ത് സുപ്രീം കോടതി പഴയ വാഹനങ്ങൾ എല്ലാം ഡൽഹിയിൽ നിരോധിച്ചിരുന്നു. ഇതിനെതുടർന്ന് അഞ്ച് ഏജൻസികൾക്ക് വാഹനങ്ങൾ പൊളിക്കുന്നതിനുള്ള ലൈസൻസ് സർക്കാർ നൽകി. എന്നാൽ ഇതുവരെ മൂവായിരത്തിൽ താഴെ വാഹനങ്ങൾ മാത്രമാണ് ഡൽഹിയിൽ ഈ ഏജൻസികൾ വഴി പൊളിച്ചിട്ടുള്ളത്.

