തിരുവനന്തപുരം: ജില്ലയില്‍ പഞ്ചായത്ത് തലത്തില്‍ കോവിഡ് പരിശോധന വ്യാപകമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യാന്‍ നിര്‍ദേശം. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുമായി നടത്തിയ യോഗത്തിലാണു നിര്‍ദേശം. കോവിഡിന്റെ പ്രാദേശിക വ്യാപനം തടയുന്നതിനായി വാര്‍ഡ് തലത്തില്‍ വിവര ശേഖരണം നടത്തി പ്രതിരോധ പരിപാടികള്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.
കോവിഡ് വ്യാപനം നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണു കാഴ്ചവയ്ക്കുന്നതെന്നു പൊതുവിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍, ആംബുലന്‍സ് എന്നിവയുടെ ലഭ്യത, വാക്സിനേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ പഞ്ചായത്തുകള്‍ക്കു സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ചുമതലയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പഞ്ചായത്ത് കമ്മിറ്റികള്‍ ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ഓരോ ആഴ്ചയും ജില്ലാതലത്തില്‍ ഇതിന്റെ പുരോഗതി വിലയിരുത്തണം. മൂന്നാം തരംഗ സാധ്യത മുന്‍നിര്‍ത്തിയുള്ള പ്രതിരോധ മാര്‍ഗങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നു യോഗത്തില്‍ പങ്കെടുത്ത ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു മന്ത്രി ചൂണ്ടിക്കാട്ടി.