ശ്രീചിത്തിര തിരുനാളിന്റെ ജീവചരിത്രം പറയുന്ന സിനിമ എത്തുന്നു. അതിന് കാരണമായത് ക്ലബ് ഹൗസിലെ ചർച്ച

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി രചിച്ച ഹിസ്റ്ററി ലിബറേറ്റഡ് ദ ശ്രീചിത്രാ സാഗ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി കൊണ്ട് തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ ജീവിതം സിനിമയാവുന്നു. ഈ ചിത്രത്തിന് വഴിതെളിയിച്ചത് രണ്ടു ഭാഗമായി നടത്തപ്പെട്ട ക്ലബ്ബ് ഹൗസിലെ ചർച്ചയാണ് എന്നത് കൗതുകകരമായ വസ്തുതയാണ്.

പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനി നിർമ്മിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ബോളിവുഡ് താരമാണ് ശ്രീചിത്തിര തിരുനാളിനെ അവതരിപ്പിക്കുന്നത് എന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ശ്രീപത്മനാഭസ്വാമിക്ഷേത്രം, ഒരു നഗരത്തിലെ കഥ എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഭാരവാഹികളായ അശ്വിൻ സുരേഷ് മോഹൻ നായർ തുടങ്ങിയവരാണ് ഈ ക്ലബ് ഹൗസ് ചർച്ച സംഘടിപ്പിച്ചിരുന്നത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ പുസ്തകത്തിൽ ഒരു സിനിമയ്ക്കുള്ള സാധ്യത കണ്ടുകൊണ്ട് അതേക്കുറിച്ച് സംസാരിക്കാനാണ് ഇവർ ക്ലബ്ബ് ഹൗസിൽ ഒത്തു കൂടിയതെന്ന് മോഹനൻ നായർ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു.

തിരുവിതാംകൂർ കൊട്ടാരത്തിലെ അനുമതിയോടു കൂടി സംഘടിപ്പിക്കപ്പെട്ട ഈ ചർച്ച വൻ ശ്രദ്ധ നേടിയതിന് പിന്നാലെ ബോളിവുഡ് നിർമ്മാണകമ്പനി ഇവരുമായി ബന്ധപ്പെടുകയായിരുന്നു. ശേഷം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുമായി ഫേസ്ബുക്ക് ഗ്രൂപ്പ് ഭാരവാഹികൾ സംസാരിക്കുകയും ചെയ്തു.

ഒരേസമയം തന്നെ നിരവധി ഇന്ത്യൻ ഭാഷകളിലായി ചിത്രം നിർമ്മിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത് എന്നും ഇതോടൊപ്പം ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു നിർമ്മാണ കമ്പനിയും ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മോഹനൻ നായർ പറയുന്നു. അന്താരാഷ്ട്ര നിലവാരത്തോടെ ചിത്രം നിർമ്മിക്കാനാണ് ലണ്ടൻ നിർമാണ കമ്പനി പദ്ധതിയിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →