തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തികൾ നടന്നുകൊണ്ടിരുന്ന തിരുവഞ്ചിക്കുളം കനാൽ ഓഫീസ് തകർന്നുവീണ സംഭവത്തിൽ കരാറുകാരനെതിരെ പദ്ധതി അധികൃതരുടെ പരാതി. 2021 ജൂൺ ഒന്നിനാണ് ചരിത്രസ്മാരകങ്ങളിലൊന്നായ തിരുവഞ്ചിക്കുളം കനാൽ ഓഫീസ് ഭാഗികമായി തകർന്നു വീണത്. 1.92 കോടി രൂപയാണ് സംസ്ഥാന സർക്കാർ കനാൽ ഓഫീസിന്റെ പുനരുദ്ധാരണ പ്രവർത്തികൾക്കായി അനുവദിച്ചത്. ഇങ്കൽ ലിമിറ്റഡിനായിരുന്നു നിർമ്മാണ ചുമതല. നവീകരണ പ്രവൃത്തികൾ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ കരാറുകാരൻ പ്രവൃത്തികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് നിരവധി തവണ മുസിരിസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പി എം നൗഷാദ് ഇങ്കൽ ലിമിറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു. കരാറുകാരന്റെ നിരുത്തരവാദിത്വപരമായ പ്രവർത്തിക്ക് എതിരെ അടിയന്തരമായി തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഇങ്കൽ അറിയിച്ചിട്ടുണ്ട്. കരാറുകാരനെതിരെ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് ബെന്നി ബെഹനാൻ എംപി, അഡ്വ വി ആർ സുനിൽ കുമാർ എംഎൽഎ എന്നിവരും ആവശ്യപ്പെട്ടിട്ടുണ്ട്.
കനോലി കനാലിന്റെ തീരത്ത് നാൽപ്പത് സെന്റ് സ്ഥലത്ത് ഇരുനിലകളിലായി ഏകദേശം നാലായിരം ചതുരശ്ര അടി വിസ്തീർണത്തിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജാവിന്റെ വിശ്രമ കേന്ദ്രമായിരുന്നു തിരുവഞ്ചിക്കുളം കനാൽ ഓഫീസ്. കൊച്ചി രാജാവ് തിരുവഞ്ചിക്കുളം ക്ഷേത്ര ദർശനത്തിനെത്തമ്പോൾ വിശ്രമിച്ചിരുന്ന ഇടത്താവളമാണ് പിന്നീട് കനാൽ ഓഫീസായി മാറിയത്. ജലവിഭവ വകുപ്പിന് കീഴിൽ ജല വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉൾപ്പെടെയുള്ള സുരക്ഷാ പരിശോധനയും രജിസ്‌ട്രേഷനും മറ്റും നടത്തുന്ന തൃശൂർ – മലപ്പുറം ജില്ലകളിലെ ഏക ഓഫീസായിരുന്നു കനാൽ ഓഫീസ്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന കനാൽ ഓഫീസുകളിലൊന്നാണിത്.