കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി; കോടതി ഉത്തരവ് വിവി രമേശന്റെ ഹർജിയിൽ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി. 07/06/21 തിങ്കളാഴ്ച കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന സിപിഎം നേതാവ് വിവി രമേശന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.

മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകിയ കെ സുന്ദരയാണ് തനിക്ക് ബിജെപി നേതാക്കൾ കോഴ നൽകിയെന്ന് വെളിപ്പെടുത്തിയത്. കെ സുരേന്ദ്രന് പുറമെ ബിജെപിയുടെ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെയും കേസെടുക്കാൻ കോടതി അനുമതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 ബി (തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകുക) വകുപ്പ് പ്രകാരം പൊലീസിന് കേസ് എടുക്കാനാണ് നിർദ്ദേശം.

സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയി, തടങ്കലിൽ വെച്ചു, കോഴ നൽകിയാണ് പത്രിക പിൻവലിപ്പിച്ചതെന്നും അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരാതി നൽകിയതെന്നും വിവി രമേശൻ പ്രതികരിച്ചു. ഐപിസി 171 ബി വകുപ്പ് പ്രകാരം കേസെടുക്കാൻ കോടതി അനുമതി ആവശ്യമായതിനാലാണ് കേസുമായി രമേശൻ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്താൽ സുന്ദരയുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി കൂടുതൽ കുറ്റകൃത്യങ്ങളിൽ കേസെടുക്കാനാവുമെന്നും ഐപിസി 171 ബി വകുപ്പ് മാത്രമുപയോഗിച്ച് അറസ്റ്റ് ചെയ്യാനാവില്ലെന്നും വിവി രമേശന്റെ അഭിഭാഷകൻ പറഞ്ഞു.

വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വിവി രമേശൻ എസ് പി ക്ക് പരാതി നൽകിയിരുന്നു. ഈ കേസ് ബദിയഡുക്ക പൊലീസിന്റെ പരിഗണനയിലാണ്. മാർച്ച് 21 ന് തന്റെ വീട്ടിലെത്തിയ ബിജെപി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട്ഫോണും നൽകിയെന്നാണ് സുന്ദര ഒരു വാർത്താ ചാനലിനോട് വെളിപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →