ജ്യോതികുമാരിയുടെ അച്ഛൻ യാത്രയായി; ആ സൈക്കിൾ യാത്ര ഇനി നീറുന്ന ഓർമ

പാറ്റ്ന: കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് അപകടത്തില്‍ പെട്ട പിതാവിനെ വീട്ടിലെത്തിക്കാന്‍ 1200 കിലോ മീറ്റര്‍ സൈക്കിളോടിച്ച് വീട്ടിലെത്തിയ ജ്യോതികുമാരി എന്ന പെണ്‍കുട്ടി അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ പോലും ഇടം നേടിയിരുന്നു. ലോക്ഡൗണില്‍ രാജ്യത്താകെ വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിച്ച കഷ്ടതകളുടെ പ്രതീകങ്ങളിലൊന്നായിരുന്നു ജ്യോതികുമാരിയുടെ സൈക്കിള്‍ യാത്രയും. ഒരു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ ജ്യോതികുമാരിയുടെ പിതാവ് മോഹന്‍ പസ്വാന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. റിക്ഷാത്തൊഴിലാളിയായിരുന്ന മോഹന്‍ പസ്വാന്‍ 31/05/21 തിങ്കളാഴ്ച യാണ് മരിച്ചത്.

ഡല്‍ഹിയില്‍ നിന്നും ബിഹാറിലെ തങ്ങളുടെ വീട്ടിലേക്കാണ് ഏഴ് ദിവസം ജ്യോതികുമാരി കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണില്‍ സൈക്കിളോടിച്ചത്. കൈയ്യില്‍ പണം ഇല്ലാത്തതിനാല്‍ കടം വാങ്ങിയായിരുന്നു ഈ പതിനഞ്ചുകാരി സൈക്കിള്‍ വാങ്ങിയത്. വളരെ ദുഷ്‌കരമായ യാത്രയില്‍ രണ്ട് പേര്‍ക്കും വിശപ്പകറ്റാനായി ഭക്ഷണം വാങ്ങാനുള്ള പണം പോലും കൈയ്യില്‍ കുറവായിരുന്നു. തന്റെ ജീവനില്‍ താന്‍ മകളോട് കടപ്പെട്ടിരിക്കുന്നെന്നും മകളെയോര്‍ത്ത് അഭിമാനിക്കുന്നെന്നുമായിരുന്നു മോഹന്‍ പസ്വാന്‍ അന്ന് പറഞ്ഞത്.

സൈക്കിള്‍ യാത്ര വലിയ രീതിയില്‍ വാര്‍ത്തയായതോടെ നിരവധി സഹായ വാഗ്ദാനങ്ങളാണ് ജ്യോതികുമാരിക്ക് ലഭിച്ചത്. ഉത്തര്‍പ്രദേശിലെ സമാജ് വാദ് പാര്‍ട്ടി ജ്യോതിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. ജ്യോതിക്ക് ഐഐടി, ജെഇഇയുടെ പരിശീലന പഠനം സൗജന്യമാക്കുമെന്ന് സെന്റര്‍ സൂപ്പര്‍ 30 എന്ന പ്രശ്‌സ്ത കോച്ചിംഗ് സെന്ററിന്റെ സ്ഥാപകന്‍ ആനന്ദ് കുമാറും അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →