കണ്ണൂർ: കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ കാടുകള്‍ സൃഷ്ടിക്കണം: മന്ത്രി എം വി ഗോവിന്ദന്‍

ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ച് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

കണ്ണൂർ: ലോകം നേരിടുന്ന ആഗോളതാപനം മുതലായ വെല്ലുവിളികള്‍ നേരിടുന്നതിന് കാടുകള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാവുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. വിശ്വാസത്തിന്റെ പേരില്‍ പഴമക്കാര്‍ കാവുകളിലെ മരങ്ങള്‍ സംരക്ഷിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം ഏറി വരുന്ന സാഹചര്യത്തില്‍ ഇന്ന് മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിന് ബോധപൂര്‍വ്വമായ ശ്രമം ആവശ്യമാണ്. മഴസംഭരണികള്‍ സ്ഥാപിച്ചുകൊണ്ട് ജലം ശേഖരിച്ച് നിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിലൂടെ ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ ചെറിയ വനങ്ങള്‍ ഒരുക്കാനാണ് ജില്ലാ പഞ്ചായത്ത് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രണ്ട് മുതല്‍ അഞ്ച് സെന്റ് വരെയുള്ള ഭൂമിയില്‍ 400 മുതല്‍ 1000 വരെ ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തും. മത്സരമായാണ് ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വര്‍ഷത്തില്‍ പരിശോധന നടത്തി മാതൃകാ വനം സൃഷ്ടിക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കും. വ്യക്തികള്‍, സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് പങ്കെടുക്കാം. ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിനുള്ള വൃക്ഷത്തൈകളും ചെറുവനങ്ങള്‍ക്ക് വേലിയൊരുക്കുന്നതിനുള്ള സഹായവും ജില്ലാ പഞ്ചായത്ത് നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.

ചട്ടുകപ്പാറ ജില്ലാ പഞ്ചായത്ത് വ്യവസായ കേന്ദ്രത്തിന് സമീപം ‘സോങ്കോയ’ വൃക്ഷത്തൈ നട്ടുകൊണ്ടായിരുന്നു മന്ത്രി എം വി ഗോവിന്ദന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ. ടി സരള, കെ രത്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗളായ എന്‍ വി ശ്രീജിനി, കെ താഹിറ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ റിഷ്ണ (മയ്യില്‍), പി പി റെജി (കുറ്റിയാട്ടൂര്‍), ഹരിത കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ സോമശേഖരന്‍, എ വി അജയന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →