ലക്നൗ: യു.പിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബല്‍റാംപൂര്‍ ജില്ലയിലെ റാപ്തി നദിയിലേക്ക് മൃതദേഹം വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തായതിന്റെ പിന്നാലെയാണ് സഞ്ജയ് കുമാര്‍, മനോജ് കുമാര്‍ എന്നിവര്‍ പിടിയിലായത്. സിസായ് ഘട്ടിലെ പാലത്തില്‍ നിന്ന് കോട്ടവാലി മേഖലയിലെ നദിയിലേക്ക് രണ്ട് യുവാക്കള്‍ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളായിരുന്നു ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കാന്‍ തുടങ്ങിയത്. രണ്ട് പേരില്‍ ഒരാള്‍ പിപിഇ കിറ്റ് ധരിക്കുകയും ചെയ്തിരുന്നു. പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലൊഴുക്കിയതെന്നാണ് പൊലിസ് പറയുന്നത്. മേയ് 25നാണ് കൊവിഡ് ബാധിച്ച പ്രേംനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇയാള്‍ മേയ് 28ന് മരിച്ചു. പ്രേംനാഥിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌ക്കരിക്കാന്‍ ബന്ധുക്കള്‍ക്ക് കൈമാറി. എന്നാല്‍, അവര്‍ സംസ്‌കാരം നടത്താതെ മൃതദേഹം നദിയില്‍ ഒഴുക്കുകയായിരുന്നുവെന്ന് ബല്‍റാംപൂര്‍ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ഇയാളുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
യു.പിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം നദിയില്‍ വലിച്ചെറിഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍
