ബെംഗളൂരു: ബെംഗളൂരു കൂട്ട ബലാത്സംഗ കേസിന്റെ അന്വേഷണം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് റിപ്പോർട്. കർണാടകത്തിനു പുറമെ കേരളത്തിലും തെലങ്കാനയിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
പ്രതികളുടെ നേതൃത്വത്തിൽ കേരളം, കർണാടകം. തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ലൈംഗിക വ്യാപാരകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. എഫ്‌ഐആറിൽ രണ്ടാം പ്രതിയായ മുഹമ്മദ് ബാബു അൻവർ ഷേക്കാണ് റാക്കറ്റിന്റെ തലവൻ എന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ കേരളത്തിലെ ബന്ധങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്.
കേരളത്തിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ലൈംഗിക റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി നേരത്തെയും പല റിപ്പോർടുകളും വന്നിരുന്നു.
പീഡനത്തിനിരയായ യുവതിയും നേരത്തെ ഈ റാക്കറ്റിന്റെ ഭാഗമായിരുന്നു. പിന്നീട് കോഴിക്കോട് മസാജ് പാർലർ തുടങ്ങി. ധാക്ക മോഗ് ബസാർ സ്വദേശിനിയായ ഇവർ രണ്ട് വർഷം മുൻപ് നാടുവിട്ടു പോയതാണെന്ന് ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. റാക്കറ്റുമായി യുവതി നടത്തിയ സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് ക്രൂര പീഡനത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കോഴിക്കോട് നിന്നും കണ്ടെത്തിയ യുവതിയുടെ മൊഴി 30/05/21 ഞായറാഴ്ച രേഖപ്പെടുത്തി.