ഇടുക്കി: കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ തൊടുപുഴ യൂണിറ്റ് അംഗങ്ങള്‍ ആറ് ദിവസത്തെ ശമ്പളം വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കും. നഗരസഭ ഓഫീസില്‍ നടന്ന ചടങ്ങില്‍ രണ്ട് ലക്ഷത്തി മുപ്പത്തയ്യായിരം രൂപയുടെ സമ്മതപത്രം യൂണിറ്റ് പ്രസിഡന്റ് മനേഷ് മാത്യു, നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജിന് കൈമാറി. കോവിഡ് മഹാമാരി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നതുമൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തൊടുപഴ നഗരസഭയിലെ യൂണിയന്‍ അംഗങ്ങള്‍ മാതൃകാപരമായ തീരുമാനമാണ് എടുത്തിട്ടുളളതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സിജോണി, നഗരസഭ സെക്രട്ടറി ബിജുമോന്‍ ജേക്കബ് എന്നിവര്‍ സന്നിഹിതരായിരുന്നു. യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം സി.ബി.ഹരികൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് വി.എസ്.എം നസീര്‍, യൂണിറ്റ് സെക്രട്ടറി ബിനു കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.