തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്.
ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവുമെന്നും പൊതുമരാമത്ത് റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മെയിന്റനന്‍സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ആര്.എം.എം.എസ്) ഭാഗമായാണ് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ആപ്പ് ഒരുങ്ങുന്നതെന്നും 22/05/21 ശനിയാഴ്ച ഫെയ്സ് ബുക്ക് പോസ്റ്റിൽ മന്ത്രി വ്യക്തമാക്കി.
”റോഡുകളെ പറ്റിയുള്ള പരാതി ഇനിമുതല്‍ ആപ്പിലൂടെ അറിയിക്കാം. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പില്‍ അപ്ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും. റോഡുകളുടെ പരിപാലനം കൂടുതല്‍ ജനകീയമാക്കാന്‍ മൊബൈല്‍ ആപ്പിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,” റിയാസ് ഫേസ്ബുക്കില്‍ പറഞ്ഞു.