പത്തനംതിട്ട: കോവിഡ് 19 കാലഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട കര്‍ശന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പുറപ്പെടുവിച്ചു. പത്തനംതിട്ട ജില്ലയിലെ എല്ലാ ആശുപത്രികളും കോവിഡ് കാലത്ത് ധാര്‍മ്മികതയോടെ പെരുമാറാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാ സ്വകാര്യ ആശുപത്രികളും മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ ഭരണ കേന്ദ്രത്തോട് സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.
ഓക്സിജന്‍ ഉപയോഗം കുറയ്ക്കുന്നതിന് ഓക്സിജന്‍ ആവശ്യമായ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്യാവൂ. ഗുരുതരമല്ലാത്ത, മുന്‍കൂര്‍ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ ഒഴിവാക്കണം. ഓക്സിജന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാന്‍ ആശുപത്രി തലത്തില്‍ ഓക്സിജന്‍ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കണം. ഓഡിറ്റ് കമ്മിറ്റി തയ്യാറാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ജില്ലാ ഓക്സിജന്‍ വാര് റൂമിനും ജില്ലാ മെഡിക്കല്‍ ഓഫീസിനും അയയ്ക്കണം.
ഓക്സിജന്‍ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ മെയ്ന്റനന്‍സ് ഉറപ്പു വരുത്തണം. ഓക്സിജന്റെ ചോര്‍ച്ച ഉണ്ടാകുന്നില്ല എന്നും ഉറപ്പാക്കണം. എല്ലാ ആശുപത്രികളും ഓക്സിജന്‍ ഉപയോഗം യുക്തിസഹമാക്കണം.
ആശുപത്രിയില്‍ ബെഡുകള്‍ ഒഴിവുണ്ടെങ്കില്‍ രോഗികള്‍ക്ക് പ്രവേശനം നിഷേധിക്കരുത്. ഒരു രോഗിയുടെ പ്രവേശനം നിഷേധിക്കുകയാണെങ്കില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ആ രോഗിയുടെ പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് രേഖ സൂക്ഷിക്കണം.ആശുപത്രികളുടെ സുരക്ഷാ നിലവാരം പരിശോധിക്കുന്നതിനായി ദ്രുത സുരക്ഷാ ഓഡിറ്റ് ടീമുകള്‍ (ആര്‍എസ്എടി) ക്രമരഹിതമായി പരിശോധന നടത്തും. ദ്രുത സുരക്ഷാ ഓഡിറ്റ് ടീമുകളുമായി സഹകരിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ഒരു നോഡല്‍ ഓഫീസറിനെ ആശുപത്രികള്‍ നിയമിക്കണം.

