കൊല്ലം: കുണ്ടറയിലെ പെട്രോൾ ബോംബാക്രമണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ വിവാദ ദല്ലാൾ നന്ദകുമാറിനോട് പൊലീസ്

കൊല്ലം: കുണ്ടറയിൽ നടന്ന പെട്രോൾ ബോംബാക്രമണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിവാദ ദല്ലാൾ നന്ദകുമാറിനോട് ആവശ്യപ്പെട്ട് പൊലീസ്. ഫോണിലൂടെയുള്ള ചോദ്യം ചെയ്യലിന് ഹാജരാകാനാണ് 12/05/21 ബുധനാഴ്ച പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ നേരിട്ട് ഹാജരാകാമെന്ന് നന്ദകുമാർ അന്വേഷണ സംഘത്തെ അറിയിച്ചു.

തെരഞ്ഞെടുപ്പ് ദിനത്തിലാണ് ഇ.എം.സി.സി.ഡയറക്ടർ ഷിജു വർഗീസിന്റെ കാറിന് നെരെ പെട്രോൾ ബോംബാക്രമണം നടന്നത്. ഈ കേസിലെ ഗൂഢാലോചനയിൽ ദല്ലാൾ നന്ദകുമാറിനുള്ള ബന്ധം അന്വേഷിച്ചറിയാനാണ് ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

അതേ സമയം ഷിജു എം. വര്‍ഗീസിന്റെ ജാമ്യാപേക്ഷ കൊല്ലം അഡീഷന്‍സ് സെഷന്‍സ് കോടതി നിരസിച്ചു. ഫോണിലൂടെ ചോദ്യം ചെയ്യലിന് സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും താൻ
കേരളത്തിനു പുറത്താണെന്നും തിരിച്ചെത്തിയ ശേഷം നേരിട്ട് ഹാജരാകാമെന്നും നന്ദകുമാർ പൊലീസിനെ അറിയിച്ചു.

കൊച്ചിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടന്ന ഗൂഡാലോചനയിൽ ഷിജു വർഗീസിനോപ്പം ദല്ലാൾ നന്ദകുമാർ ഉണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.

സ്വന്തം കാർ കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കത്തിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഷിജു വർഗീസ് ശ്രമിച്ചതെന്നാണ് കേസ്. കേസിൽ നാല് പ്രതികളാണുള്ളത്. ഷിജു വർഗീസിന് നന്ദകുമാറിനെ പരിചയപ്പെടുത്തി കൊടുത്തത് ആരാണെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് നന്ദകുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →