ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജകുമാരി, രാജാക്കാട് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്റര്‍ (ഡിസിസി) സജ്ജീകരിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്ത, പ്രത്യക്ഷ രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വേണ്ടിയാണ് ഡൊമിസിലറി കെയര്‍ സെന്റര്‍ ഒരുക്കിയിട്ടുള്ളത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ തയ്യാറായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുള്ളത്.
രാജകുമാരിയില്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, രാജാക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് കൊവിഡ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. നിലവില്‍ 50 കിടക്കകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തില്‍ 100 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കൊവിഡ് ബാധിതരായ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങളും ഒരുക്കും. സെന്ററില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സേവനം ലഭ്യമാകും. അവശ്യഘട്ടങ്ങളില്‍ ആംബുലന്‍സ് സേവനവും ലഭ്യമാണ്.

