കോവിഡ് മൂലം സിനിമ മേഖല പ്രതിസന്ധിയിൽ

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് സിനിമ മേഖലയാണ്. ജീവിത മാർഗ്ഗത്തിന് ഇനി എന്ത് ചെയ്യും എന്നറിയാതെ വലയുകയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. പ്രമുഖ സംവിധായകരായ ഷാജി കൈലാസും ജോഷിയും സംവിധാനം ചെയ്യുന്ന രണ്ട് ബിഗ് ബജറ്റ് സിനിമയാണ് ഇപ്പോൾ ചിത്രീകരണം നിർത്തിവെച്ചിരിക്കുന്നത്. ജോഷിയുടെ സുരേഷ് ഗോപി ചിത്രം പാപ്പൻ, ഷാജി കൈലാസിന്റെ ചിത്രം കടുവ കുട്ടിക്കൽ എന്നീ രണ്ടു ചിത്രങ്ങളിൽ കൂടി മുന്നൂറിലധികം തൊഴിലാളികൾ ജോലി എടുത്തിരുന്നു. ഇവയുടെ ചിത്രീകരണം നിർത്തിയതോടെ കോവിഡ് പ്രതിസന്ധി എന്ന് തീരും എന്ന ആശങ്കയിലാണ് തൊഴിലാളികൾ.

തിയേറ്റർ തൊഴിലാളികൾ, ജൂനിയർ ആർട്ടിസ്റ്റുകൾ മറ്റുള്ള സിനിമ തൊഴിലിൽ പ്രവർത്തിക്കുന്നവർ, ഈ മേഖലയിലെ തന്നെ ദിവസവേതനക്കാർ അടക്കമുള്ളവരുടെ ജീവിതം കടുത്ത ദുരിതത്തിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തിൽ മരുന്നിനും വീട്ടുവാടകക്ക് പോലും പണം ഇല്ലാത്ത അവസ്ഥയാണ്.

ഇങ്ങനെ സാമ്പത്തിക പ്രതിസന്ധിയിലായ സിനിമ തൊഴിലാളികളെ സഹായിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യവുമായി സംഘടനകൾ രംഗത്ത് വരികയാണ്. ഏറെ പ്രതീക്ഷകളോടെയാണ് മലയാള സിനിമ 2021 കയറിയത്. എന്നാൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആദ്യം അടച്ചത് തിയറ്ററുകൾ ആണ്. ഈ പ്രതിസന്ധിഘട്ടം തരണം ചെയ്ത് മുന്നോട്ടു വന്നാലും ഏറ്റവുമൊടുവിൽ ആയിരിക്കും തിയേറ്ററുകൾ തുറക്കുന്നത്. ഇതിന് കാരണം സിനിമയെന്നത് സാധാരണക്കാരനും സർക്കാരിനും ഒരു ആവശ്യ സർവീസ് അല്ല എന്നത് തന്നെയാണ്.

സാധാരണക്കാർക്ക് സിനിമ വെറും വിനോദ ഉപാധി ആണെങ്കിൽ സിനിമ ജീവിതമാർഗമാക്കിയ ലക്ഷക്കണക്കിന് പേർക്ക് അവരുടെ ഉപജീവനവും നിലനിൽപ്പും എല്ലാം സിനിമയാണ്. പ്രീപ്രൊഡക്ഷൻ തുടങ്ങി ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷനും തീയേറ്റർ റിലീസും ഡിജിറ്റൽ സാറ്റലൈറ്റ് റിലീസുകൾ വരെ നീളുന്ന ചങ്ങല മുറിയുമ്പോൾ തകരുന്നത് ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാണ്.

അഭിനേതാക്കൾ നിർമാതാക്കൾ സംവിധായകർ എഴുത്തുകാർ സാങ്കേതിക പ്രവർത്തകർ തുടങ്ങി തിയേറ്ററിൽ ടിക്കറ്റ് കീറി കാണികളെ കയറ്റിവിടുന്നവരുടെ വരെ അന്നം സിനിമയാണ്. വർക്ക് ഫ്രം ഹോം ഒരിക്കലും സിനിമയിൽ നടക്കാത്തത് കൊണ്ട് തന്നെ ഇപ്പോഴത്തെ അവസ്ഥയിൽ സിനിമയിൽ ആകെ ചെയ്യാൻ പറ്റുന്നത് രണ്ടുകാര്യങ്ങളാണ് ഒന്ന് എഴുത്ത്, മറ്റൊന്ന് സംഗീതസംവിധാനം. ഇത് ഒഴികെ മറ്റൊന്നും ഒറ്റയ്ക്ക് സാധ്യമല്ല. അഡ്വാൻസ് വാങ്ങിയ എഴുത്തുകാർക്ക് ഇത് നല്ല സമയമാണ്. എഴുതാനുള്ള സമയം ആവോളമുണ്ട്. സംഗീത സംവിധായകർക്കും പുതിയ ഈണങ്ങൾ പരീക്ഷിക്കാം. അല്ലാത്തവർക്ക് ഒന്നും ചെയ്യാൻ ഉണ്ടാകില്ല.

തീയേറ്ററുകൾ ഇങ്ങനെ കുറച്ചു നാളുകൾ കൂടി അടഞ്ഞു കിടന്നാൽ ഞങ്ങൾക്ക് ആത്മഹത്യയെ പോംവഴി ഉള്ളൂ എന്നാണ് ഒരു പ്രമുഖ നിർമാതാവ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →