അയിരൂര്‍പാടം പാണ്ട്യാര്‍ പളളില്‍ പരേതനായ അബ്ദുള്‍ ഖാദറിന്റെ ഭാര്യ ആമിന(66) കൊല്ലപ്പെട്ടിട്ട് രണ്ടുമാസം. 2021 മാര്‍ച്ച് 7 നാണ് ആമിന കൊല്ലപ്പെടുന്നത്. പാടത്ത് പുല്ലുമുറിക്കാന്‍ പോയ ആമിനയുടെ മൃതദേഹം സമീപത്തെ നീരൊഴുക്കുകുറഞ്ഞ തോട്ടില്‍ കണ്ടെത്തുകയായിരുന്നു. ആമിനയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ബലം പ്രയോഗിച്ചുളള മുങ്ങി മരണമെന്നാണ് പോസറ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള 25 അംഗ പോലീസ് സംഘം അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതിയെക്കുറിച്ച് സൂചനപോലുമില്ല. സാക്ഷികളോ മറ്റുതെളിവുകളോ ഇല്ലാതെ അന്വേഷണം വഴിമുട്ടിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല.
2012 ഓഗസ്റ്റ് 8 നാണ് മാതിരപ്പളളി, കണ്ണാടിപ്പാറ, കെഎഷാജിമോന്റെ ഭാര്യ ഷോജി (34) വീടിനുളളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കാണപ്പെട്ടത്. ദേഹത്തുണ്ടായിരുന്ന 5 പവന്‍ സ്വര്‍ണാഭരണങ്ങളും കാണാതായി വീടിന്റെ മുകള്‍ നില നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് പണിക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. കിടപ്പുമുറിയില്‍ പായയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഈകേസും ലോക്കല്‍ പോലീസ് അന്വേഷിച്ചിട്ട് പ്രതികളെ കണ്ടെത്താന്‍ കഴിയാതെ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചു. ഇപ്പോള്‍ 9 വര്‍ഷമായിട്ടും യാതൊരു പ്രതികളെക്കുറിച്ച് യാതൊരു വിവരവുമില്ല. സിബിഐയെ ഏല്‍പ്പിക്കാനുളള ആവശ്യത്തിനും തീരുമാനമായിട്ടില്ല.
മൂന്നാമത്തേത് ചെറുവട്ടൂര്‍ കരിപ്പാലക്കുടി ബിജുവിന്റെ ഭാര്യ നിനി (24) കൊല്ലപ്പെട്ട സംഭവമാണ് 2009 മാര്‍ച്ച 11 നാണ് വീടിന് സമാപത്തെ തോട്ടില്‍ കുളിക്കാന്‍പോയ അങ്കണവാടി അദ്ധ്യാപികയായ നിനി കൊല്ലപ്പെടുന്നത് .പിന്നീട് മൃതദേഹം തോട്ടില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും 12 വര്‍ഷം പിന്നിടുമ്പോഴും പ്രതി കാണാമറയത്തു തന്നെ.

