അഞ്ചല്‍ : ഏരൂര്‍ ഭാരതീപുരത്ത് ഷാജി പീറ്റര്‍ വധക്കേസില്‍ സഹോദരന്റെ ഭാര്യ ആര്യയും പ്രതിയാകും. റിമാന്‍ഡില്‍ കഴിയുന്ന ഒന്നും, രണ്ടും പ്രതികളായ മാതാവ് പൊന്നമ്മ, സഹോദരന്‍ സജിന്‍ പീറ്റര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.ഇവരെ ചോദ്യം ചെയ്ത ശേഷമാകും ആര്യയെ മൂന്നാം പ്രതിയാക്കുക. ഒന്നര വയസുളള കുഞ്ഞിന്റെ അമ്മയായതിനാല്‍ മുഖ്യസാക്ഷിയാക്കാനായിരുന്നു ആദ്യം തീരുമാനം. എന്നാല്‍ പിന്നീട് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചത്.
കൊലപാതകത്തില്‍ ആര്യക്ക് നേരിട്ട പങ്കില്ലെങ്കിലും ഇവരോട് ഷാജിപീറ്റര്‍ അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വീട്ടില്‍ ബഹളമുണ്ടാകുന്നതും തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിച്ചതും.
തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു..ഷാജി പീറ്ററിനൊപ്പം വീട്ടില്‍ മറ്റൊരു സ്ത്രീയും താമസിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചുളള അ്‌ന്വേഷണവും നടക്കുന്നുണ്ട്.

