കോവിഡ് വാക്സിൻ കേന്ദ്രം സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് സി പി എം, വാക്സിൻ വാങ്ങാൻ പിഎം കെയറില്‍ ശേഖരിച്ചിട്ടുള്ള ലക്ഷക്കണക്കിന് കോടി രൂപ ചെലവഴിക്കണമെന്നും ആവശ്യം

ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ കുറഞ്ഞ നിരക്കില്‍ കേന്ദ്രസര്‍ക്കാരിനും കൂടിയ നിരക്കില്‍ സംസ്ഥാന സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസര്‍ക്കാര്‍ വാക്‌സിനുകള്‍ വാങ്ങുകയും സുതാര്യമായ രീതിയില്‍ സൗജന്യമായിത്തന്നെ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുകയും വേണം. ഇതിനായി പിഎം കെയറില്‍ ശേഖരിച്ചിട്ടുള്ള ലക്ഷക്കണക്കിന് കോടി രൂപ പ്രധാനമന്ത്രി ചെലവഴിക്കണമെന്നും യെച്ചൂരി 21/04/21 ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു .

കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യയില്‍ വാക്‌സിനേഷന്‍ സാര്‍വത്രികവും സൗജന്യവുമായിരുന്നെന്നും യെച്ചൂരി വ്യക്തമാക്കി. ഇപ്പോഴത്തെ കോവിഡ് അടിയന്തരസ്ഥിതി നേരിടാന്‍ സാര്‍വത്രിക ബൃഹത് വാക്സിനേഷന്‍ പരിപാടിയാണ് വേണ്ടതെന്ന് സിപിഐഎം പിബി അഭിപ്രായപ്പെട്ടു.

എന്നാല്‍, കേന്ദ്രത്തിന്റെ പുതിയ വാക്സിന്‍ നയം അവര്‍ സൃഷ്ടിച്ച ഗുരുതര ആരോഗ്യസാഹചര്യത്തില്‍നിന്ന് സ്വയം ഒഴിഞ്ഞുമാറുന്നതാണ്. എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങള്‍ക്ക് കൈമാറാനാണ് ശ്രമം. വാക്സിന്‍ വിതരണം വര്‍ധിപ്പിക്കാതെ വില്‍പ്പന ഉദാരമാക്കുന്നതും വിലനിയന്ത്രണം എടുത്തുകളയുന്നതുമാണ് പുതിയ നയം.

പര്യാപ്തമായ അളവില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ ഒരു വര്‍ഷത്തിനിടെ കേന്ദ്രം നടപടിയെടുത്തില്ല. പുതിയ വാക്സിന്‍ നയം കോടിക്കണക്കിന് ആളുകള്‍ക്ക് ഉയര്‍ന്ന വില കാരണം വാക്സിന്‍ വാങ്ങാനാകാത്ത സാഹചര്യമുണ്ടാക്കുമെന്ന് സിപിഐഎം വിലയിരുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →