കുണ്ടറയില്‍ കാറില്‍ പൂട്ടിയിട്ട നിലയില്‍ കണ്ട രണ്ടുവയസുകാരനെ നാട്ടുകാര്‍ രക്ഷപെടുത്തി

കുണ്ടറ: രണ്ടുവയസുളള കുട്ടിയെ പിതാവ് കാറിനുളളില്‍ പൂട്ടിയിട്ട് പുറത്തുപോയി. വെയിലേറ്റ് പ്രാണവായു കിട്ടാതെ അവശനായ കുട്ടിയെ നാട്ടുകാര്‍ ഗ്ലാസ് തകര്‍ത്ത് പുറത്തെടുത്തു. കുണ്ടറ ആശുപത്രി മുക്കില്‍ 2021 ഏപ്രില്‍ 9ന് വെളളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പിതാവ് കുണ്ടറ ചെറുമൂട് കന്യാമൂഴി സ്വദേശി റിജോയാണ് കുട്ടിയെ പൂട്ടിയിട്ട ശേഷം പുറത്തുപോയത്.

കാറിനുളളില്‍ ശ്വാസം കിട്ടാതെ പരാക്രമം കാട്ടിയ കുട്ടിയെ വഴിയാത്രക്കാരാണ് കണ്ടത്. ഉടമസ്ഥനെ തിരക്കിയെങ്കിലും സമീപത്തെങ്ങും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ചില്ലു തകര്‍ത്ത് കുട്ടിയെ രക്ഷപെടുത്തിയത്. കരഞ്ഞ് അവശനിലയിലായ കുട്ടിയെ സമീപത്തെ ഹോം അപ്ലയന്‍സ് ഷോപ്പിലെ ജീവനക്കാരായ സ്ത്രീകള്‍ ആശ്വസിപ്പിച്ചു.

അരമണിക്കൂറിന് ശേഷം തിരികെയെത്തിയ പിതാവിനുനേരെ നാട്ടുകാര്‍ തട്ടിക്കയറി. പോലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കിയ ശേഷം മറ്റുബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ കൈമാറി. റിജോയ്‌ക്കെതിരെ പോലീസ് പെറ്റിക്കേസ് ചാര്‍ജ് ചെയ്ത് വിട്ടയച്ചു. കുട്ടിയെ കാറില്‍ ഇരുത്തിയ ശേഷം പിതാവ് മദ്യപിക്കാന്‍ പോയെന്നാണ് നാട്ടുകാരുടെ ആരോപണം. വൈദ്യപരിശോധനക്ക് വിധേയനാക്കാതെയാണ് വിട്ടയച്ചത്. കുണ്ടറയിലെ ബാറിന് സമീപത്താണ് കാര്‍ നിറുത്തിയിട്ടിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →