അതിവേഗതയിൽ ചലിക്കുന്ന ഭീമൻ തമോദ്വാരത്തിന്റെ നിഗൂഢത തേടി ഗവേഷകർ

വാഷിംഗ്ടൺ: അമേരിക്കയിലെ ഒരു സംഘം ഗവേഷകർ അതിവിദൂരതയിലെ ഒരദ്ഭുതപ്രതിഭാസത്തിന്റെ കാരണമറിയാനുളള അന്വേഷണത്തിലാണ്. ഭൂമിയിൽ നിന്ന് 230 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ‘J0437 + 2456’ എന്ന താരാപഥത്തിന്റെ മധ്യത്തിലുളള ചലിക്കുന്ന തമോദ്വാരമാണ് കഥാനായകൻ. പ്രപഞ്ചത്തിൽ തമോദ്വാരങ്ങൾ അലഞ്ഞുനടക്കുമെന്ന സിദ്ധാന്തം വളരെ മുൻപേ തന്നെ ശാസ്ത്രലോകം അംഗീകരിച്ചതാണ്. എന്നാൽ അങ്ങനെ അലഞ്ഞു നടക്കുന്ന ഒന്നിനെ, അതും അതിഭീമനായ ഒന്നിനെ ഇതാദ്യമായാണ് ഗവേഷകർ കണ്ടെത്തുന്നത്.

ഹാർവാർഡ് ആന്റ് സ്മിത്‌സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ഗവേഷക സംഘമാണ് ചലിക്കുന്ന തമോദ്വാരത്തിന്റെ വ്യക്തമായ ഒരു ‘കേസ് ‘ തിരിച്ചറിഞ്ഞത്. 2021 മാർച്ചിലെ ആസ്ട്രോഫിസിക്കൽ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

“തമോഗർത്തങ്ങൾ സഞ്ചരിക്കാറുണ്ട്. എന്നാൽ സൂപ്പർമാസിവ് (ഉയർന്ന പിണ്ഡമുള്ള) തമോദ്വാരങ്ങളിൽ ഭൂരിഭാഗവും നീങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല; അവ സാധാരണയായി വെറുതെ ഇരിക്കുന്നതിൽ സംതൃപ്തരാണ്” പഠനത്തിന് നേതൃത്വം നൽകിയ ജ്യോതിശാസ്ത്രജ്ഞനായ ഡൊമിനിക് പെസെ പറഞ്ഞു.

“അവ വളരെ ഭാരമുള്ളതാണ്, അവയ്ക്ക് മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാണ്. അതിന്റെ പിണ്ഡം നമ്മുടെ സൂര്യന്റെ പിണ്ഡത്തിന്റെ ദശലക്ഷക്കണക്കിന് ഇരട്ടിയാണെന്ന് മനസ്സിലാക്കുക. അതിനെ ചലിപ്പിക്കാൻ അതിശക്തമായ ഒരു ‘കിക്ക് ‘ആവശ്യമാണ്.” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി പെസ്സും കൂട്ടരും തമോദ്വാരങ്ങളുടെയും താരാപഥങ്ങളുടെയും വേഗത താരതമ്യം ചെയ്തു വരികയാണ്.

“ഞങ്ങൾ ചോദിച്ചു, തമോദ്വാരങ്ങളുടെ വേഗത അവ ഉൾപ്പെടുന്ന താരാപഥങ്ങളുടെ വേഗതയ്ക്ക് തുല്യമാണോ?” രണ്ടിനും ഒരേ വേഗത ഉണ്ടായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അങ്ങനെയല്ലെങ്കിൽ, തമോദ്വാരം അസ്വസ്ഥമാണെന്ന് അത് സൂചിപ്പിക്കുന്നു.” ഡോ ഡൊമിനിക് പെസെ പറഞ്ഞു.

ഗവേഷക സംഘം തുടക്കത്തിൽ 10 വിദൂര താരാപഥങ്ങളെയും അതിന്റെ കോറുകളിലെ സൂപ്പർമാസിവ് തമോദ്വാരങ്ങളെയുമാണ് നിരീക്ഷിച്ചത്.
അക്രീഷൻ ഡിസ്കുകളിൽ (തമോദ്വാരത്തിനകത്തേക്ക് കറങ്ങുന്ന സർപ്പിളഘടനകളെയാണ് അക്രീഷൻ ഡിസ്കുകൾ എന്ന് വിശേഷിപ്പിക്കുന്നത് ) വെള്ളം അടങ്ങിയിരിക്കുന്ന തമോദ്വാരങ്ങളെക്കുറിച്ച് അവർ പ്രത്യേകം പഠിച്ചു. തമോദ്വാരത്തിന് ചുറ്റും വെള്ളം പരിക്രമണം ചെയ്യുമ്പോൾ, അത് ലേസർ പോലുള്ള റേഡിയോ പ്രകാശത്തിന്റെ ഒരു ബീം ഉത്പാദിപ്പിക്കുന്നു. ഇത്തരം ബീമുകൾ ‘മാസറുകൾ’ എന്നാണ് അറിയപ്പെടുന്നത്. ‘വെരി ലോങ് ബേസ്‌ലൈൻ ഇന്റർഫെറോമെട്രി’ (വിഎൽബിഐ) എന്നറിയപ്പെടുന്ന ഒരു സാങ്കേതികവിദ്യ വഴി റേഡിയോ ആന്റിനകളുടെ സംയോജിത ശൃംഖല ഉപയോഗിച്ച് പഠിക്കുമ്പോൾ തമോദ്വാരത്തിന്റെ വേഗത വളരെ കൃത്യമായി അളക്കാൻ സാധിക്കുമെന്ന് ഡോ.പെസ് പറയുന്നു.

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ച 10 തമോദ്വാരങ്ങളിൽ ഒമ്പതും വിശ്രമത്തിലാണെന്ന് നിർണ്ണയിക്കാൻ സംഘത്തിനു സാധിച്ചു. എന്നാൽ ഒന്ന് വേറിട്ടുനിൽക്കുന്നതായും ചലിക്കുന്നതായും അവർ തിരിച്ചറിഞ്ഞു. ഇതിന്റെ ചലന വേഗത മണിക്കൂറിൽ 110,000 മൈൽ ആയിരുന്നു. ഇതിന്റെ പിണ്ഡം നമ്മുടെ സൂര്യന്റെ മുപ്പത് ലക്ഷം ഇരട്ടിയും. അതായത്, J0437 + 2456 എന്ന താരാപഥത്തിനുള്ളിൽ മണിക്കൂറിൽ 110,000 മൈൽ വേഗതയിൽ സൂപ്പർമാസിവ് തമോദ്വാരം നീങ്ങിക്കൊണ്ടിരിക്കുന്നു. എന്നാൽ ഈ ചലനത്തിന് കാരണമാകുന്നത് എന്താണെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇത്തരം നിഗൂഢതകളുടെ ചുരുളഴിക്കാൻ സാധിക്കുമെന്നു തന്നെയാണ് അവരുടെ പ്രതീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →