ന്യൂ ഡല്‍ഹി: ഏകദേശ ധാരണയായ 81 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 55 പേരും പുതുമുഖങ്ങള്‍. യുഡിഎഫ് ധാരണ അനുസരിച്ച് കോണ്‍ഗ്രസിന് 91 സീറ്റുകളാണുളളത്. 10 മണ്ഡലങ്ങളില്‍ തര്‍ക്കങ്ങള്‍ നില നില്ക്കുന്നതിനാല് തീരുമാനം ഉണ്ടായിട്ടില്ല. ഇരിക്കൂര്‍ ഒഴികെ മറ്റുമണ്ഡലങ്ങളിലെ സിറ്റിംഗ് എംഎല്‍എമാരെല്ലാം അതാത് മണ്ഡങ്ങളില്‍ മത്സരിക്കും. മുന്‍ എംഎല്‍എ എം മുരളി ചെങ്ങന്നൂരിലും മുന്‍ എംപി പീതാംബരക്കുറുപ്പ് ചാത്തന്നൂരിലും മത്സരിക്കും.
കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ സ്ഥാനാര്‍ത്ഥി പട്ടിക 14.03.2021ഞായറാഴ്ച ഡല്‍ഹിയില്‍ പുറത്തിറക്കിയേക്കും. നേമം അടക്കമുളള 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍തഥികളെ സംബന്ധിച്ച് ധാരണ ഉണ്ടാകാത്തതാണ് പട്ടിക പ്രഖ്യാപനം വൈകാന്‍ കാരണം. അതിനിടെ വിവിധ മണ്ഡലങ്ങളിലുണ്ടായ കടുത്ത പ്രതിഷേധവും ഔദ്യോഗിക പ്രഖ്യാപനത്തിന് തടസമായി.
ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നാട്ടിലേക്ക് മടങ്ങി. മുല്ലപ്പള്ളി രാമചന്ദ്രന് ഡല്‍ഹിയില്‍ തുടരുകയാണ്. നേമം അടക്കമുളള മണ്ഡലങ്ങളില്‍ വിജയ സാധ്യതയുളള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും ചില മണ്ഡലങ്ങളിലെ സ്ഥിതി വിശേഷം കണക്കിലെടുത്ത് വിട്ടുവീഴ്ചയാകാമെന്ന നിലപാടാണ് ഹൈക്കമാന്റ് അറിയിച്ചിരിക്കുന്നത്.
കൊല്ലം, ഇരിക്കൂര്‍, കല്‍പ്പറ്റ, നിലമ്പൂര്‍, പട്ടാമ്പി എന്നീ സീറ്റുകളില്‍ ലിസ്റ്റിലുളള സ്ഥാനാര്‍ത്ഥികളെ മാറ്റുന്നതിനെക്കുറിച്ചും ചില ചര്‍ച്ചകള്‍ നടക്കുന്നതായി സൂചനയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുളള പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചര്‍ച്ചകള്‍. പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ലെങ്കിലും എല്ലാ വിഷയങ്ങളും പരിഗണിക്കുന്നുണ്ടെന്നും ഇന്നു വൈകുന്നേരത്തോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നമാണ് നേതാക്കള്‍ അറിയിച്ചിട്ടുളളത്.

