കാട്ടുപന്നി ശല്യം: പരിഹാരത്തിന് കൃഷിവിജ്ഞാന കേന്ദ്രം ഉപകരണങ്ങള്‍ സ്ഥാപിച്ചു

പാലക്കാട്: ജില്ലയിലെ മുതലമട, വടവന്നൂര്‍ പഞ്ചായത്തുകളില്‍ നെല്‍വയലുകളിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരമായി പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം വിവിധ ഉപകരണങ്ങള്‍ സ്ഥാപിച്ചു. കൃഷിയിട പരീക്ഷണത്തിനായി ഇവിടങ്ങളിലെ നെല്‍വയലുകളില്‍ കാട്ടുപന്നിയെ ഓടിക്കുന്നതിനായി പലതരത്തില്‍ ശബ്ദം പുറപ്പെടുവിക്കുന്നതും വെളിച്ചം പരത്തുന്നതുമായ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. തെലങ്കാന സ്റ്റേറ്റ് കാര്‍ഷിക സര്‍വകലാശാലയുടെ ബയോ അക്വാസ്റ്റിക് ഉപകരണമാണ് ഇതിലൊന്ന്. ഈ ഉപകരണം മറ്റ് കാട്ടുമൃഗങ്ങളുടെ ശബ്ദം മാറി മാറി പുറപ്പെടുവിക്കുന്നു. സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണത്തിന് ആറ് മുതല്‍ എട്ട് ഏക്കര്‍ വിസ്തൃതിയില്‍ സംരക്ഷണം നല്‍കാന്‍ സാധിക്കും. ഫാന്‍ ആന്‍ഡ് പ്ലേറ്റ് ആണ് മറ്റൊരു ഉപകരണം. കാറ്റിന്റെ ഗതിക്കനുസരിച്ച് കറങ്ങുന്ന ഫാനാണിത്. ഫാന്‍ കറങ്ങുമ്പോള്‍ അതിനോട് ബന്ധിപ്പിച്ചിരിക്കുന്ന ഒരു ലോഹകഷ്ണം അതിനടുത്തായി വെച്ചിരിക്കുന്ന സ്റ്റീല്‍ പ്ലേറ്റില്‍ തട്ടി ശബ്ദമുണ്ടാക്കുന്നു. ഈ ശബ്ദം കാട്ടുപന്നികളെ വികര്‍ഷിക്കും. കാറ്റുള്ളപ്പോള്‍ ഇടയ്ക്കിടക്ക് ശബ്ദമുണ്ടാക്കുന്നതിനാല്‍ അലോസരപ്പെടുത്തും. കാറ്റത്തു ശബ്ദമുണ്ടാക്കുന്ന മറ്റൊരു ഉപകരണമാണ് പോട്ട് ആന്‍ഡ് സ്റ്റിക്. കമഴ്ത്തി തൂക്കിയിട്ടിരിക്കുന്ന കലത്തിന്റെ വക്കത്തുമുട്ടുന്ന വിധത്തില്‍ ലോഹക്കമ്പി കെട്ടിത്തൂക്കിയിടുന്നു. കാറ്റിനനുസരിച്ചു ഇതില്‍ നിന്നും പുറത്തു വരുന്ന ശബ്ദവും കാട്ടുപന്നികളെ അകറ്റുന്നു. വര്‍ണപ്രകാശം പുറപ്പെടുവിച്ചു കറങ്ങുന്ന ബള്‍ബാണ് കാട്ടുപന്നി ശല്യം ഒഴിവാക്കുന്നതിനുള്ള അടുത്ത മാര്‍ഗം. പല കളറിലുള്ളതും ഒരിടത്തു ഉറച്ചു നില്‍ക്കാത്തതുമായ പ്രകാശം കാട്ടുപന്നികളെ ഭയപ്പെടുത്തുമെന്നും കൃഷിവിജ്ഞാന കേന്ദ്രം അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →