തിരുവനന്തപുരം: തോമസ്ഐസക്കിനെയും ജി സുധാകരനെയും ഇത്തവണ മാറ്റി നിർത്തണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിൽ വിമര്‍ശനവുമായി സംസ്ഥാന സമിതി. തുടര്‍ച്ചയായ രണ്ടുതവണ മത്സരിച്ചവര്‍ ഇത്തവണ മാറിനില്‍ക്കണമെന്നായിരുന്നു സെക്രട്ടേറിയറ്റ് തീരുമാനം. എന്നാൽ ഇതിൽ കടുംപിടുത്തം വേണ്ടെന്ന വിമര്‍ശനമാണ് 05/03/21 വെള്ളിയാഴ്ച സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്. വിജയ സാധ്യതയുള്ള സീറ്റുകളില്‍ ഭാഗ്യപരീക്ഷണത്തിന് മുതിരേണ്ടെന്നും സംസ്ഥാന സമിതിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
മന്ത്രിമാര്‍ക്ക് ഇളവുനല്‍കണമെന്ന ആവശ്യമാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്. ആലപ്പുഴ, അമ്പലപ്പുഴ സീറ്റുകളില്‍ മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും മാത്രമാണാ വിജയസാധ്യതയെന്നായിരുന്നു ആലപ്പുഴ ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ ശുപാര്‍ശ. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ സെക്രട്ടേറിയറ്റ് യോഗം തയ്യാറായിരുന്നില്ല. വ്യക്തി പ്രഭാവങ്ങള്‍ കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും പുതിയ മത്സരാര്‍ത്ഥികളെ ഇറക്കാന്‍ തയ്യാറാവണമെന്നുമായിരുന്നു സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശം. ഇതിനെതിരെ വലിയ വിമര്‍ശനമാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്. ഐസക്കിനെയും സുധാകരനെയും മാറ്റി നിര്‍ത്തിയാല്‍ അത് വലിയ പരാജയത്തിന് കാരണമായേക്കും എന്ന വിലയിരുത്തലും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു.
എന്നാല്‍ സി രവീന്ദ്രനാഥന്‍, എകെ ബാലന്‍, ഇപി ജയരാജന്‍ എന്നിവര്‍ പ്രതിനിധീകരിക്കുന്ന പുതുക്കാട്, തരൂര്‍, മട്ടന്നൂര്‍ മണ്ഡലങ്ങളുടെ കാര്യത്തില്‍ സെക്രട്ടേറിയറ്റ് തീരുമാനത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാടാണ് സംസ്ഥാന സമിതിയും സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഇപി ജയരാജന്‍ മത്സരിക്കില്ലെന്ന കാര്യത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരിലെ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മത്സരിപ്പിക്കുന്ന കാര്യം ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയായിരുന്നു. ജയരാജനെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് നിലവില്‍ സംസ്ഥാന സമിതി.

