ചങ്ങരംകുളം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അധിക വൈദ്യുതി നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടും അത് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കേന്ദ്ര ഊര്‍ജ്ജവകുപ്പ് സഹമന്ത്രി ആര്‍കെ സിംഗ്. ബിജെപി ഭരണത്തില്‍ കേന്ദ്രത്തില്‍ വൈദ്യുതി മിച്ചം വയ്ക്കുകയാണ് . കേരളം അടക്കമുളള എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യാനുസരണം വൈദ്യുതി നല്‍കുന്നുണ്ട്. എന്നാല്‍ കേരളത്തിന്റെ ആവശ്യത്തിന് അത് തികയുന്നില്ല. 2000 മെഗാവാട്ട് വൈദ്യുതി കൂടി നല്‍കാമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിട്ടും അത് മുഴുവനായി സ്വീകരിക്കാന്‍ കേരളം തയ്യാറാകുന്നില്ലെന്ന് ആര്‍കെ സിംഗ് പറഞ്ഞു.
വാഗ്ദാനം ചെയ്ത മുഴുവന്‍ വൈദ്യുതിയും സ്വീകരിക്കാനുളള സൗകര്യം ഒരുക്കുന്നതില്‍ കേരളം പരാജയപ്പെട്ടതാണ് കാരണം.കേരള സര്‍ക്കാരിന്റെ കഴിവുകേടാണിത് പ്രകടമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ മലപ്പുറത്തെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വര്‍ഗ്ഗീയതയും വിഭാഗീയതയും വളര്‍ത്തി വോട്ട് തട്ടാനാണ് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറയുന്നു. ഇത്തരം വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ഇരയാണ് കഴിഞ്ഞ ദിവസം തീവ്ര വാദികളാല്‍ കൊലചെയ്യപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് അദ്ദേഹം പറഞ്ഞു.
കേരളം ഭരിച്ച ഇരുമുന്നണികളും അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നും ഏറ്റവും ഒടുവില്‍ ഒരു മന്ത്രി അമേരിക്കയില്‍ പോയി മത്സ്യ തൊഴിലാളികളുടെ കടലെല്ലാം വിദേശ കമ്പനിക്ക് തീറെഴുതി. ഈ രണ്ടുകൂട്ടരും കേരളത്തിന്റെ വികസനം തടസപ്പെടുത്തുന്നു. കോവിഡ് നിയന്ത്രിക്കുന്നതില്‍ കേരളം പരാജയപ്പെട്ടു. രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉളളത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

