കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും നിയമ സംരക്ഷണവും: ബോധവത്കരണ സെമിനാര്‍ നടത്തി

കാസർകോട്: ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി,  ബളാല്‍ ഗ്രാമപഞ്ചായത്ത്, കേരള റിപ്പോര്‍ട്ടേഴ്സ് മീഡിയ പേഴ്സണ്‍സ് യൂനിയന്‍ എന്നിവ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും നിയമസംരക്ഷണവും എന്ന വിഷയത്തില്‍ ബോധവത്കരണ സെമിനാര്‍ നടത്തി. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഇന്നത്തെ പൗരനും നാളത്തെ വാഗ്ദാനവുമാണെന്ന ഉത്തരവാദിത്തത്തോടെ അവരുടെ പ്രശ്നങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം ഇടപെടണമെന്ന് ശ്യാമളാദേവി പറഞ്ഞു. ബാലാവകാശ കമ്മീഷന് മുമ്പിലെത്തുന്ന പരാതികളില്‍ പരിശോധിച്ച് നടപടിയെടുക്കുന്നതിലുപരി പരാതികള്‍ കുറച്ചുകൊണ്ട് വരുന്നതിനും കമ്മീഷന് ഉത്തരവാദിത്വമുണ്ട്. ഒരു കുഞ്ഞു പോലും  അനാഥരായോ പീഡനമേറ്റോ നമുക്കിടയില്‍ വളരുന്ന സാഹചര്യമുണ്ടാവരുത്. ഇവരെ സുരക്ഷിതമായി പാര്‍പ്പിച്ച്, നല്ല ഭാവി ഉണ്ടാക്കിക്കൊടുക്കാന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടക്കമുള്ളവ പ്രയോജനപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. ‘കുട്ടികളും നിയമങ്ങളും’ എന്ന വിഷയം അവര്‍ അവതരിപ്പിച്ചു. 

ശിശുസൗഹൃദ പഞ്ചായത്ത് എന്ന വിഷയത്തില്‍ സി വിജയകുമാറും, ജില്ലാതല ശിശുസംരക്ഷണ സംവിധാനങ്ങളും നടപടിക്രമങ്ങളും എന്ന വിഷയത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി എ ബിന്ദുവും ക്ലാസെടുത്തു. 

ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷനായി. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ മുഖ്യാതിഥിയായി. ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുല്‍ ഖാദര്‍, പി പത്മാവതി, എന്‍ ജെ മാത്യു, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് കാസര്‍കോട്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. വി മോഹന്‍കുമാര്‍, ജില്ലാ  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. പി രജിത, കാസര്‍കോട് ചൈല്‍ഡ് ലൈന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അനീഷ് ജോസ്, കേരള റിപ്പോര്‍ട്ടേഴ്സ് മീഡിയ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. എം ആര്‍ ശിവപ്രസാദ് സ്വാഗതവും ബളാല്‍ പഞ്ചായത്ത് സെക്രട്ടറി കെ റാഷിദ് നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ ജനപ്രതിനിധികള്‍, സ്‌കൂള്‍ അധ്യാപകര്‍,  അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സെമിനാറിന്റെ ഭാഗമായി  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെയും ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെയും സഹകരണത്തോടെ ബളാല്‍ പഞ്ചായത്തിലെ മുഴുവന്‍ കുട്ടികളുടെയും വിശദമായ സര്‍വേ നടത്തും. പഞ്ചായത്ത്തല  ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ  പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വാര്‍ഡ്തലത്തില്‍  ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് കുട്ടികളുടെ ക്ഷേമത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും നിര്‍ദേശം നല്‍കി. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →