തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയോട് സമൂഹ മാധ്യമത്തിൽ അപമര്യാദയായി പെരുമാറിയ ഐഎഎസ് ഉദ്യോഗസ്ഥന് എന്‍ പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്. മാധ്യമ പ്രവര്‍ത്തകയെ ലൈംഗീക ചുവയോടുകൂടിയ ഇമോജികളിട്ട് അധിക്ഷേപിച്ച കളക്ടറുടെ നടപടിക്കെതിരെ കേസെടുത്ത് മാതൃകാരമായി നടപടിയെടുക്കണമെന്നും കെയുഡബ്ല്യുജെ ചൊവ്വാഴ്ച (23/02/21) ആവശ്യപ്പെട്ടു.
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് മാനേജിങ് ഡയറക്ടറായ എന്‍ പ്രശാന്ത് മാധ്യമ പ്രവര്‍ത്തകയുടെ ചാറ്റിനോട് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്കി സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്നാണ് പരാതി. ഒരു ഐഎഎസ് ഉദ്യോഗസ്ഥനില്‍ നിന്നും ഉണ്ടായിരിക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെയുഡബ്ല്യുജെ പരാതിയില്‍ വ്യക്തമാക്കി. ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ കളക്ടറുടെ പ്രതികരണം തേടിയ മാതൃഭൂമി ലേഖിക കെപി പവിത്രയെയാണ് കളക്ടര്‍ ഇമോജികളിലൂടെ പരിഹസിച്ചത്. എന്‍ പ്രശാന്തിന്റെ നടപടി വനിതകള്‍ക്കെതിരെ മാത്രമല്ല, മുഴുവന്‍ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെപി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്.
‘താല്പര്യമില്ലെങ്കില് പ്രതികരിക്കാതിരിക്കുക സ്വാഭാവികമാണെങ്കിലും അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ മറുപടി നല്കി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ ഒരു മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് ശ്രമിച്ചത് മാന്യതയ്ക്കു നിരക്കുന്ന പ്രവൃത്തിയല്ല. പ്രശാന്തിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത് മാധ്യമപ്രവര്‍ത്തകരെയാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നടത്തിയിരിക്കുന്നത്.’ കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ വിവാദമായ വിഷയങ്ങളില്‍ അധികൃതരില്‍ നിന്നു പ്രതികരണം തേടുന്നത് കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതിയാണ്. ഫോണില്‍ വിളിച്ചു കിട്ടാതിരുന്നപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടാവുമോ എന്നറിയാന്‍ അയച്ച വളരെ മാന്യമായ സന്ദേശത്തിനാണ് ഐഎഎസ് ഉദ്യോഗസ്ഥന് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചതെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന് ചൂണ്ടിക്കാട്ടി.
