കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയേയും അകറ്റി നിര്‍ത്തില്ലെന്ന് യാക്കോബായ മെത്രാപ്പൊലിത്തന്‍ ട്രസ്റ്റ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്. ഇപ്പോള്‍ സഭ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നില്ല. ഭാവിയില്‍ രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നേക്കാം. അത്തരം സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൊവ്വാഴ്ച (23/02/21) പറഞ്ഞു.
‘വരുന്ന തെരഞ്ഞെടുപ്പ് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. നിശ്ചയമായിട്ടും ഇവിടെയുള്ള മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. രാഷ്ട്രീയപരമായ സമവാക്യങ്ങളൊക്കെ മാറുന്ന സാഹചര്യമാണ് നമ്മള്‍ എല്ലായിടത്തും കണ്ടു കൊണ്ടിരിക്കുന്നത്. സഭയില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. എന്നാല്‍ സഭ ഇന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ സഭയ്ക്ക് ഒരു പക്ഷെ രാഷ്ട്രീയമുണ്ടായേക്കാം. അത് പക്ഷെ രാഷ്ട്രീയ പാര്‍ട്ടിയല്ല,’ ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സഭയുടെ ഇന്നത്തെ കുരുക്കഴിക്കുന്നതിനുള്ള വഴികള്‍ തുറക്കണമെന്നും ഇതിനുള്ള ഉറപ്പു ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ മൂന്ന് മുന്നണികളോടും ഒരേ സമീപനമാണ് ഉള്ളത്. സഭയ്ക്ക് സ്വാധീനം ഉള്ള മണ്ഡലങ്ങള്‍ പലതുണ്ട്. എറണാകുളം ജില്ലയില്‍ പല മണ്ഡലങ്ങളിലും സഭ നിര്‍ണായക സ്വാധീനം പുലര്‍ത്തുന്നുണ്ടെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സഭ വലിയ പ്രതിസന്ധി നേരിടുന്നു. 52 പള്ളികള്‍ നഷ്ടപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ സ്വത്ത് പിടിച്ചെടുക്കുന്നു. കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസക്കുറവില്ല. സംസ്ഥാന സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. സംസ്ഥാനത്തിന് പരിഹരിക്കാനായില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.