കൊച്ചി: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കെഎസ്ഐഎൻസി ധാരണാപത്രത്തിലൂടെ സംസ്ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങിയത് ഒന്നാം മോദീ മന്ത്രിസഭയുടെ പ്രാരംഭ കാലത്ത് കേന്ദ്ര സർക്കാരിനു സമർപ്പിക്കപ്പെട്ട മീനാകുമാരി കമ്മീഷൻ റിപ്പോർടിലെ സുപ്രധാന നിർദേശങ്ങൾ.
നിലവിലുള്ളവയ്ക്കു പുറമെ വിദേശ ട്രോളറുകൾ ഉൾപ്പടെ പുതുതായി 270 ആഴക്കടൽ മൽസ്യബന്ധന യാനങ്ങൾക്കു കൂടി അനുമതി നൽകുക എന്നതായിരുന്നു കേന്ദ്ര ഫിഷറീസ് ഡിപ്പാർട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥയായ ഡോ. മീനാകുമാരിയുടെ റിപ്പോർടിലെ സുപ്രധാനമായ ഒരു നിർദേശം. ട്രോളിംഗ് നിരോധനം എടുത്തുകളയാനും കൂടുതൽ സാങ്കേതികത്തികവോടെ ആഴക്കടൽ മൽസ്യ ബന്ധനം നടത്താനും മീനാകുമാരി കമ്മീഷൻ റിപ്പോർടിൽ നിർദേശമുണ്ടായിരുന്നു. കേരള നിയമസഭയുടെയും കേരളത്തിൽ നിന്നുള്ള എം പി മാരുടെയും മൽസ്യത്തൊഴിലാളികളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഈ നിർദേശങ്ങൾ നട്ടപ്പിലാകാതെ പോയത്.
മീനാകുമാരി കമ്മീഷൻ റിപ്പോർടിലെ 270 ആഴക്കടൽ മത്സ്യബന്ധന യാനങ്ങളെ എതിർത്തു തോൽപ്പിച്ച കേരള സർക്കാരിന്റെ ഒരു സ്ഥാപനമായ കെഎസ്ഐഎൻസിയാണ് 2020ൽ ആഴക്കടൽ മത്സ്യബന്ധനത്തിനായി 400 മൽസ്യബന്ധനയാനങ്ങളും 5 മദർ ഷിപ്പുകളും 7 ഹാർബറുകളും നിർമിക്കാനുള്ള ധാരണാപത്രത്തിൽ ഒരു അമേരിക്കൻ കമ്പനിയുമായി ഒപ്പിട്ടത് എന്നതാണ് വിചിത്രമായ വസ്തുത. ഒരു കൂട്ടം ഉദ്യോഗസ്ഥർക്കല്ലാതെ ഈ ധാരണാപത്രത്തെ കുറിച്ച് സംസ്ഥാനത്തെ മന്ത്രിമാർക്ക് ‘ഒരു ധാരണ’ യും ഇല്ലായിരുന്നൂവെന്നാണ് ഇപ്പോൾ കേൾക്കുന്നത്.
ഇത്തരമൊരു ധാരണാപത്രത്തിലേക്ക് കെഎസ്ഐഎൻസി കടക്കുന്നത് സംസ്ഥാന സർക്കാരിന്റെ മൽസ്യബന്ധന നയത്തിൽ വ്യക്തമായ ചില വ്യതിയാനങ്ങൾ വരുത്തിയതിന്റെ ഫലം കൂടിയാണ്. കേരള സർക്കാരിന്റെ ‘ഫിഷറീസ് പോളിസി 2018 ,ക്ലോസ് 2.9’ ശാസ്ത്രീയമായ ആഴക്കടൽ മൽസ്യബന്ധനം പ്രോത്സാഹിപ്പിക്കണം എന്ന് വ്യക്തമാക്കുന്നുണ്ട്. അതായത്, തീരക്കടലിലെ മൽസ്യലഭ്യത കുറഞ്ഞതു മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തന്നെ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിൽ പോലും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിദേശ ട്രോളറുകളടക്കമുള്ളവയെ അകമഴിഞ്ഞ് സഹായിക്കുകയാണ് എന്ന് വ്യക്തം. യുപിഎ സർക്കാർ തുടങ്ങി വയ്ക്കുകയും എൻഡിഎ സർക്കാർ പൂർവാധികം ശക്തമായി നടപ്പിലാക്കുകയും ചെയ്യുന്ന നയം വിദേശകപ്പലുകൾക്ക് നമ്മുടെ ആഴക്കടൽ അരിച്ച് മീൻ പിടിക്കാൻ അനുകൂലമാണ്.
