ന്യൂഡൽഹി: ഹാത്രസ് കേസില്‍ യുപി പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അസുഖ ബാധിതയായ അമ്മയെ കാണാനാണ് അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചത്. ഉപാധികളോടെ കേരളത്തില്‍ എത്താനാണ് അനുമതി. അഞ്ചാമത്തെ ദിവസം ജയിലില്‍ തിരിച്ചെത്തണം. യുപി പൊലീസ് സുരക്ഷയിലാണ് കേരളത്തിലേക്ക് കൊണ്ടുവരിക. യുപി പൊലീസിന് പുറമേ കേരള പൊലീസും സുരക്ഷ നല്‍കണം. മാധ്യമങ്ങളെയോ പൊതുജനങ്ങളെയോ കാണരുതെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. കാപ്പന്റെ ജാമ്യം രണ്ട് ദിവസമായി കുറക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചെങ്കിലും കോടതി അത് തള്ളി.
കാപ്പന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലഖ്നൗ കോടതിയിലാണ് ഇഡി കുറ്റപത്രം നല്‍കിയത്.
ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ശരീഫിന്റെ നിര്‍ദേശ പ്രകാരമാണ് സിദ്ദീഖ് കാപ്പനുള്‍പ്പെടെയുള്ളവര്‍ ഹാഥ്റസിലേക്ക് പോയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 5 പ്രതികളോടും മാര്‍ച്ച് 18 ന് ഹാജരാകണമെന്ന് കാണിച്ച് കോടതി നോട്ടീസ് അയച്ചിരുന്നു.
ഹാത്രസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു സിദ്ദിഖ് കാപ്പന് അറസ്റ്റിലായത്. മതവിദ്വേഷം വളര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു പോലീസ് നടപടി. പിന്നീട് യുപി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി.

