പ്ലസ്‌ടു വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

കൊച്ചി: പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി മരട്‌ മുസ്ലീം പളളിക്ക്‌ സമീപം മാണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്‍റെയും ജെസിയുടെയും മകള്‍ നെഹിസ്യയെ (17) ആണ്‌ സ്വന്തം കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തലയും മുഖവും പ്ലാസ്റ്റിക്ക്‌ കവറുകൊണ്ട്‌ മറച്ചനിലയില്‍ കിടക്കയിലാണ്‌ മൃതദേഹം കിടന്നിരുന്നത്‌.

രാവിലെ ഏഴിന്‌ എഴുന്നേല്‍ക്കാറുളള കുട്ടി 9 മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനാല്‍ കുട്ടിയുടെ അച്ഛനും സഹോദരിയും ചേര്‍ന്ന്‌ അയല്‍ക്കാരനായ സാഗരന്‍ എന്നയാളെ വിളിച്ചുകൊണ്ടുവന്ന്‌ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ നോക്കിയപ്പോഴാണ്‌ കുട്ടി മരിച്ചുകിടക്കുന്നതായി കണ്ടത്‌. വായിലും മൂക്കിലും പഞ്ഞി നിറച്ചശേഷം സെല്ലോടേപ്പ്‌ ഒട്ടിച്ച്‌ പ്ലാസ്റ്റിക്ക്‌ കവര്‍ തലവഴി മൂടി മുഖം മറച്ച നിലയിലും കഴുത്തില്‍ കയര്‍ കെട്ടിയിരുന്നതായും കാണപ്പെട്ടു.

മരട്‌ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ പോലീസ്‌ ഫോറന്‍സിക്ക്‌ വിഭാഗത്തെ വിളിച്ചുവരുത്തി പരിശോധന നടത്തി. കൊലപാതകമാണെങ്കില്‍ മുകളിലെ കിടപ്പുമുറിയില്‍ നിന്ന്‌ കൊലപാതകശേഷം ആരും പുറത്തേക്ക്‌ രക്ഷപെട്ട ലക്ഷണമില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. കുട്ടി ആത്മഹത്യ ചെയ്‌തതാകാം എന്നാണ്‌ പോലീസ്‌ നിഗമനം. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ദിവസം നടന്ന ക്ലാസ്‌ പരീക്ഷയില്‍ ഒന്നോരണ്ടോ മാര്‍ക്കിന്റെ കുറവുണ്ടായതിന്‌ അച്ഛന്‍ ശാസിച്ചതായി പറയപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →