ഹൈദരബാദ്: സിനിമാ ലൊക്കേഷനുകൾ, സ്റ്റണ്ട് ഷോകൾ, ലണ്ടൻ വീഥികൾ, മുഗൾ ഗാർഡൻ, സാഹസിക വിനോദങ്ങൾ, തുടങ്ങി രാജ്യത്തെയും വിദേശങ്ങളിലെയും പ്രധാന കേന്ദ്രങ്ങളൊക്കെയും പുനസൃഷ്ടിച്ചിരിക്കുന്ന റാമോജി ഫിലിം സിറ്റി 18 മുതൽ വീണ്ടും വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. വിനോദവും സിനിമയും മികച്ച അനുഭവം സമ്മാനിക്കുന്ന റാമോജി ഫിലിം സിറ്റിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആകർഷകമായ കാഴ്ചകളാണ്.
സാധാരണക്കാരുടെ ബഡ്ജറ്റിനിണങ്ങിയ മുറികൾ മുതൽ വിവിധ തരത്തിലുള്ള താമസസൗകര്യങ്ങളുള്ള ഫിലിംസിറ്റി എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവർത്തിക്കുക. പ്രധാന കേന്ദ്രങ്ങൾ അണുവിമുക്തമാക്കിയും സാമൂഹിക അകലം ഉറപ്പുവരുത്തിയും ആയിരിക്കും ഫിലിം സിറ്റിയുടെ ഇനിയുള്ള പ്രവർത്തനം. സുരക്ഷാമാനദണ്ഡങ്ങളിൽ പരിശീലനം ലഭിച്ച ഗൈഡുകൾ ആണ് ടൂറിസ്റ്റുകളെ അനുഗമിക്കുക.

