തൃശ്ശൂർ: മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അഗ്രോ സർവ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15, 16 തീയതികളിൽ കുംഭ വിത്ത് മേളയും കാർഷിക സെമിനാറും സംഘടിപ്പിക്കുന്നു. അഗ്രോ സർവീസ് സെന്ററിന്റെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ ചെയ്യുന്നതിന് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മതിലകം ബ്ലോക്ക് പഞ്ചായത്തിൽ നടത്തുന്ന കുംഭവിത്ത് മേളയിൽ ചേന, ചേമ്പ്, കാച്ചിൽ, മധുര കിഴങ്ങ്, മഞ്ഞൾ, ഇഞ്ചി എന്നിവയുടെ വിവിധയിനങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടാകും. കാച്ചിൽ ഇനങ്ങളായ നീല, ഇഞ്ചി, വെള്ളത്തൂണൻ, പനച്ചിക്കോടൻ എന്നിവയും, ചേന ഇനങ്ങളായ ഗജേന്ദ്ര, കുഴി മുണ്ടൻ, ശ്രീ ആതിര, ശ്രീപത്മം തുടങ്ങിയവയും, ചേമ്പിൽ കപ്പ, ശീമ, പാൽ, ചെറു ചേമ്പ് തുടങ്ങിയ വിവിധ ഇനങ്ങളും ഉണ്ടാകും. കൂടാതെ ഇഞ്ചി, മഞ്ഞൾ ഇവയുടെ വിവിധയിനങ്ങളും മേളയിലുണ്ടാകും. ഈ വിളകളെ കുറിച്ചുള്ള കാർഷിക സെമിനാറും നടക്കും.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, പെരിഞ്ഞനം പ്രസിഡന്റ് വിനീത മോഹൻദാസ്, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു, ബ്ലോക്ക്-പഞ്ചായത്ത് അംഗങ്ങൾ, പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എസ് ബിജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി പി ബിന്ദു, അഗ്രോ സർവ്വീസ് സെന്റർ പ്രസിഡന്റ് ടി ബി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.