ആടുജീവിതം ഞങ്ങളുടെയും ജീവിതം, മനസ്സുതുറന്ന് നടൻ പൃഥ്വിരാജ്

കൊച്ചി: നടനും പിന്നണി ഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമാണ് മലയാള ചലചിത്രത്തിന്റെ യുവതാരം നടൻ പൃഥ്വിരാജ്. ബെന്യാമിന്റെ ആടുജീവിതം എന്ന കഥയെ പ്രമേയമാക്കി സംവിധായകൻ ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതം ആണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ആടുജീവിതം എന്ന പുസ്തകം സമൂഹത്തിന് ഇന്ന് ഏറ്റവും വില കൽപ്പിക്കപ്പെട്ട ബഹുമാനം അർഹിക്കപ്പെട്ട നോവലുകളിൽ ഒന്നാണ്. ബ്ലെസിയെയും എന്നെയും സംബന്ധിച്ചിടത്തോളം അത് ഒരു പുസ്തകം അല്ലെങ്കിൽ സാഹിത്യരചന എന്നതിനപ്പുറം ഞങ്ങളുടെ രണ്ടു പേരുടെയും ജീവിതമാണെന്ന് തുറന്നു പറഞ്ഞു എത്തിയിരിക്കുകയാണ് താരം. 2008ലാണ് ബ്ലെസി ചേട്ടൻ ഈ പുസ്തകവുമായി എന്നെ സമീപിക്കുന്നത്. അന്നാണ് ഞാൻ ആദ്യമായി ആടുജീവിതം വായിക്കുന്നതും. 2008 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ മലയാളത്തിൽ ഏറ്റവും ഡിമാൻഡുള്ള ഒരു സംവിധായകന്റെ ജീവിതം മുഴുവൻ ഈ പുസ്തകം സിനിമയാക്കാൻ മാറ്റിവെച്ചു എന്ന് പറയുന്നത് എത്ര വലിയ ത്യാഗമായിരുന്നു എന്നത് സിനിമയിൽ പ്രവർത്തിക്കുന്നവർക്കും മനസ്സിലാകും. ഇത്രയും വർഷം ഈ ചിത്രത്തിനായി മാറ്റിവെച്ചു എന്ന് തന്നെയാണ് മലയാള സിനിമാലോകത്തിനും ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തിനും നജീബിന്റെ ജീവിതത്തിനും നൽകാൻ കഴിയുന്ന ട്രീബ്യൂട്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.

നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങൾ എവിടെയൊക്കെയോ സ്പർശിച്ചു പോകാറുണ്ട്. ക്യാമറക്കു മുന്നിൽ ആണെങ്കിലും എപ്പോഴൊക്കെയോ ചില നിമിഷങ്ങളിൽ എങ്കിലും നജീബിന്റെ മാനസികാവസ്ഥയിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. എന്റെ സിനിമാജീവിതത്തിൽ നജീബിനോളം എന്നെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു കഥാപാത്രം ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ ജീവിതത്തിലെ കാഴ്ചപ്പാടുകളെ ആണ് നജീബ് ജീവിച്ചു തീർത്ത ജീവിതം സ്വാധീനിച്ചിട്ടുള്ളത്. എന്റെ മനസ്സിൽ എനിക്ക് അനുഭവപ്പെട്ട നൊമ്പരം ആ സിനിമ കാണുന്ന പ്രേക്ഷകന് അനുഭവപ്പെട്ടാൽ പുസ്തകം പോലെ തന്നെ ഈ സിനിമയും വലിയ വിജയം ആകും എന്നാണ് എന്റെ പ്രതീക്ഷ.

നജീബ് എന്ന കഥാപാത്രത്തിന്റെ ഒഫീഷ്യൽ ഫോട്ടോ പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അത് കൊണ്ട് ജീവിതത്തിൽ ഏറ്റവും സങ്കീർണ്ണമായ അവസ്ഥകളിലൂടെ കടന്നുപോയി കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ രൂപങ്ങൾ എന്തായിരുന്നു എന്ന് ഇന്നും ആർക്കുമറിയില്ല. നജീബിനെ ഫോട്ടോ ആദ്യം ജനങ്ങൾ കാണുന്നത് ആടുജീവിതത്തിലെ 25-ാം എഡിഷന്റെ കവർ പേജായിട്ടായിരിക്കണമെന്നായിരുന്നു എന്റെയും ബ്ലെസി ചേട്ടന്റെയും ആഗ്രഹം. നിർഭാഗ്യവശാൽ 2020 എന്ന വർഷം ലോകം അഭിമുഖീകരിക്കേണ്ടിവന്ന വലിയ മഹാമാരിയെ തുടർന്ന് സിനിമയുടെ ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു. ഈ വർഷം അവസാനത്തോടെ ഷൂട്ടിംഗ് തീർത്തു നമുക്ക് ഭാഗ്യമുണ്ടെങ്കിൽ ആടുജീവിതത്തിന്റെ 250-ാം എഡിഷന്റെയോ അല്ലെങ്കിൽ 300-ാം എഡിഷന്റെയോ എന്റെ മുഖം നജീബായി കവർ പേജിലൂടെ കാണട്ടെ എന്ന ശുഭപ്രതീക്ഷയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →