തിരുവനന്തപുരം: കേരളത്തില്‍ ഭൂരഹിതരായിരുന്ന ഒന്നര ലക്ഷം പേര്‍ക്കു സ്വന്തമായി ഭൂമി നല്‍കാനായത് ഈ സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നു ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. പൊതുജനങ്ങളുടെ പ്രശ്നങ്ങളില്‍ അതിവേഗം പരിഹാരം കാണാനായി സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് വഴിയും അര്‍ഹരായ കഴിയാവുന്നത്രയും പേര്‍ക്കു പട്ടയം നല്‍കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പാവപ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു കഴിയാവുന്നത്രയും സഹായം വിതരണം ചെയ്യല്‍ തുടങ്ങിയവയ്ക്കും സാന്ത്വന സ്പര്‍ശം അദാലത്തില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട എല്ലാ പരാതികളിലും സാധ്യമായ തീര്‍പ്പുണ്ടാക്കുകയും അതിവേഗത്തില്‍ പരിഹാരം കാണുകയുമാണ് അദാലത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.