തിരുവനന്തപുരം: നദീജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിനായി സ്ഥാപിച്ച റീസൈക്ക്ളിംഗ് യൂണിറ്റുകൾ വിജയം. കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ അരുവിക്കര, പനങ്കുട്ടിമല, മീനാട്, തൈക്കാട്ടുശേരി, ചേർത്തല, കണ്ണൂരിലെ പരുവള്ളത്തുപ്പറമ്പ, പട്ടുവം എന്നിവിടങ്ങളിലാണ് റീസൈക്ക്ളിംഗ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. റീസൈക്ക്ളിംഗ് യൂണിറ്റുകൾ ഉപയോഗിച്ച് ശുദ്ധീകരിച്ച ജലം ബി. ഐ. എസ് 0500:2012 അനുസരിച്ചുള്ള എല്ലാ ഗുണനിലവാരവും പുലർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണ ജലശുദ്ധീകരണ പ്രക്രിയകളിൽ നാലു മുതൽ അഞ്ച് ശതമാനം വരെ ജലനഷ്ടം സംഭവിക്കുമ്പോൾ റീസൈക്ക്ളിംഗിലൂടെ രണ്ടു ശതമാനമായി നഷ്ടം കുറയ്ക്കാൻ കഴിയുന്നുവെന്ന പ്രത്യേകതയുമുണ്ട്.
നദികളിൽ നിന്ന് ശേഖരിക്കുന്ന അസംസ്കൃതമായ ജലം അരിച്ചെടുത്ത് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് പമ്പ് ചെയ്യുന്നു. ഇങ്ങനെ ശേഖരിക്കുന്ന ജലത്തിന്റെ ടർബിഡിറ്റിയും, പി എച്ച് മൂല്യവും പരിശോധിക്കുന്നു. അതിനുശേഷം ശുദ്ധീകരണത്തിന് ആവശ്യമായ രാസപദാർത്ഥങ്ങളുടെ അളവ് തീരുമാനിക്കും. ഇതിനുവേണ്ടി ജാർ ടെസ്റ്റ് നടത്തും. തുടർന്ന് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള യന്ത്രസംവിധാനത്തിലൂടെ ശുദ്ധീകരിക്കേണ്ട വെള്ളത്തിലേക്ക് രാസപദാർത്ഥങ്ങൾ കടത്തിവിടുന്നു. ജലത്തിൽ ഇരുമ്പ്, മാംഗനീസ് തുടങ്ങിയവയുടെ സാന്നിദ്ധ്യം കൂടുതലായി കാണപ്പെട്ടാൽ അവ നീക്കം ചെയ്യുന്നതിന് വെള്ളം എയറേറ്ററുകളിലൂടെ കടത്തിവിടും. അതിനുശേഷം ക്ലാരിഫയറിലൂടെ കടത്തിവിട്ട് കൊയാഗുലേഷൻ, ഫ്ലോക്കുലേഷൻ പ്രക്രിയകൾക്ക് വിധേയമാക്കും. ഈ ഘട്ടം കഴിയുമ്പോഴേക്കും 90 ശതമാനത്തിലധികം മാലിന്യവും ഒഴിവാകും. പിന്നീട് മണൽ അരിപ്പയിലൂടെ കടന്നുവരുന്ന വെള്ളത്തിലെ അവശേഷിക്കുന്ന മലിന വസ്തുക്കളും നീക്കം ചെയ്യപ്പെടും. ഈ വെള്ളം ക്ലോറിനേഷൻ നടത്തുന്നതോടെ വിതരണത്തിന് തയ്യാറാകും.
പി.എൻ.എക്സ്. 691/2021