കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊക്രിയാൽ നിശാങ്ക് , കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കർ എന്നിവർ ആസിയാൻ ഇന്ത്യ ഹാക്കത്തോൺ 2021 ന്റെ പുരസ്‍കാര ദാന ചടങ്ങിൽ ആസിയാൻ രാജ്യങ്ങളിലെ മന്ത്രിമാർ, വിശിഷ്ട വ്യക്തികൾ എന്നിവർക്കൊപ്പം പങ്കെടുത്തു . 10 ആസിയാൻ രാജ്യങ്ങളിലെയും ഇന്ത്യയിലെയും മുന്നൂറോളം വിദ്യാർഥികൾ, അധ്യാപകർ, ഔദ്യോഗിക പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴിൽ വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെട്ടതായി കേന്ദ്ര മന്ത്രി ശ്രീ രമേശ് പൊക്രിയാൽ നിശാങ്ക് പറഞ്ഞു . രാജ്യത്തെ സ്വയം പര്യാപ്തതയിലെത്തിക്കാൻ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട്, സുസ്ഥിര വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുക എന്നതാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. ഊർജ്ജം, സംയോജിത പ്രവർത്തനം, അന്താരാഷ്ട്ര സഹകരണം എന്നീ മേഖലകളിൽ മറ്റു രാജ്യങ്ങൾക്ക് അനുകരണീയമായ മാതൃകയാണ് ഇന്ത്യയും ആസിയാൻ രാജ്യങ്ങളും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെയും ആസിയാൻ രാജ്യങ്ങളുടെയും മനുഷ്യ, പ്രകൃതി വിഭവശേഷി ശരിയായി പ്രയോജനപ്പെടുത്തിയാൽ മനുഷ്യരാശിയുടെ നന്മയ്ക്കായി പുതിയ ദിശ രൂപപ്പെടും എന്നും ശ്രീ രമേശ് പൊക്രിയാൽ പറഞ്ഞു
നമ്മുടെ യുവാക്കളുടെ മനസ്സും ഊർജ്ജവും ഒരുമിച്ച് പ്രയോഗിക്കാൻ ലഭിച്ച തനത് വേദിയാണ് ആസിയാൻ ഹാക്കത്തോൺ എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കർ പറഞ്ഞു.പങ്കെടുത്തവർ തമ്മിൽ സഹവർത്തിത്വം രൂപപ്പെടുത്താനും അതിർത്തിക്കപ്പുറം വ്യത്യസ്ത ദർശനങ്ങൾ, സംസ്കാരം, തൊഴിൽ ധാർമികത എന്നിവ വെളിപ്പെടുത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ശാസ്ത്രം,സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ ഇന്ത്യയും ആസിയൻ രാജ്യങ്ങളും തമ്മിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനു ഹാക്കത്തോൺ 2021 ലക്ഷ്യമിടുന്നു. നീല സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം എന്നീ രണ്ട് വിശാല മേഖലകളിലെ വെല്ലുവിളികൾ അതിജീവിക്കുന്നതിന് നൂതന പരിഹാരമാർഗ്ഗങ്ങൾ ഹാക്കത്തോണിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളും മുന്നോട്ടുവച്ചു. 10 ആസിയാൻ രാജ്യങ്ങളിലെയും ഇന്ത്യയിലെയും 330 വിദ്യാർഥികളും 90 മെന്റർമാരും പങ്കെടുത്തു. 6 വിദ്യാർത്ഥികളും രണ്ട് മെന്റർമാരും അടങ്ങിയ 54 ക്രോസ് കൺട്രി ടീമുകളായി വിദ്യാർഥികളെ വിഭജിച്ചു.വ്യത്യസ്ത സംഘടനകളും ഗവൺമെന്റ് സ്ഥാപനങ്ങളും മുന്നോട്ടുവെച്ച 11 പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ഈ ടീമുകൾ മത്സരിച്ചു
വിദ്യാഭ്യാസ വകുപ്പിന്റെ ഇന്നോവേഷൻ സെല്ലും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്റെ സഹകരണത്തോടെ വിദേശകാര്യ മന്ത്രാലയവും ആസിയാൻ രാജ്യങ്ങളും ചേർന്നാണ് ഹാക്കത്തോൺ സംഘടിപ്പിച്ചത്. കോവിഡ് 19 നിയന്ത്രണം മൂലം, വിദ്യാഭ്യാസ വകുപ്പിന്റെ ഇന്നവേഷൻ സെൽ തദേശീയമായി നിർമ്മിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ഓൺലൈനായാണ് ഹാക്കത്തോൺ
നടന്നത്