സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവരുടെ ശബ്ദം പിന്നിലുള്ള മറ്റാരുടേയോ പ്രതിധ്വനിയാണെന്ന് സലിം കുമാർ

കൊച്ചി: സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പമെന്ന തന്റെ നിലപാടില്‍നിന്ന് മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് നടന്‍ സലിം കുമാര്‍. താനൊരു മനുഷ്യനായതുകൊണ്ടാണ് പ്രതികരിച്ചത്. ഇന്ത്യയ്ക്ക് പുറത്തുള്ളനിന്നുള്ള പിന്തുണയെ വിമര്‍ശിച്ചെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവരുടെ ശബ്ദം പിന്നിലുള്ള മറ്റാരുടേയോ പ്രതിധ്വനിയാണെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

‘ഞാനൊരു മനുഷ്യനാണ്. അതില്‍ രാഷ്ട്രീയമോ വംശമോ വിഷയമാക്കിയിട്ടില്ല. ഇവിടെ ജീവിക്കുന്ന മനുഷ്യന്‍ എന്ന നിലയില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം മാത്രമാണ് ഞാന്‍ ചെയ്തത്. മഹാത്മ ഗാന്ധി കറുത്തവര്‍ഗക്കാര്‍ക്കുവേണ്ടി ഇടപെട്ടാണ് ലോകരാജ്യങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. അന്ന് ലോകരാജ്യങ്ങളാരും ഇന്ത്യക്കാര്‍ ഇടപെടേണ്ട എന്ന് പറഞ്ഞില്ല. എല്ലാവരും അദ്ദേഹത്തെ അംഗീകരിക്കുകയാണ് ചെയ്തത്’, സലിം കുമാര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ സമരത്തിന്റെ കാര്യങ്ങളില്‍ ഇടപെടേണ്ട എന്ന തരത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, പിടി ഉഷ അടക്കമുള്ള പ്രമുഖര്‍ പരാമര്‍ശങ്ങള്‍ നടത്തിയതില്‍, അതൊന്നും അവരുടെ ശബ്ദമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു സലിം കുമാര്‍ തുറന്നടിച്ചത്. ‘ഇത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവരുടെ ശബ്ദമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നിലുള്ള വേറെ ഏതോ ശബ്ദം സച്ചിനിലൂടെ പ്രതിധ്വനിക്കുന്നു എന്ന് മാത്രമേ ഞാന്‍ വിശ്വസിക്കുന്നുള്ളൂ. അവയെ കീറിമുറിക്കാനൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. അതില്‍ രാഷ്ട്രീയം കാണാനും ശ്രമിക്കുന്നില്ല. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് എനിക്ക് തോന്നി. അത് ചെയ്തു. എനിക്കിവിടെ ജീവിക്കാന്‍ വായുവും വെള്ളവും കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ആവശ്യമുള്ളത് കര്‍ഷകരെയാണ്. കിലോയ്ക്ക് ഒരു രൂപയാണ് കോളിഫ്‌ളവറിന്. അവരത് വഴിയില്‍ കളഞ്ഞത് മാധ്യമങ്ങളിലൂടെ കണ്ടില്ലേ. ഇതെല്ലാം നമ്മള്‍ കാണണം. ഇവിടെ കോടീശ്വരനായ ഒരു കര്‍ഷകനുമില്ല. കൃഷി നടത്തിക്കൊണ്ട് ആരും കോടീശ്വരനായിട്ടില്ല.

കര്‍ഷകര്‍ക്കൊപ്പം നിന്ന് പ്രതികരിച്ച ശശി തരൂര്‍ അടക്കമുള്ള പ്രമുഖര്‍ക്ക് രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ പ്രതികരണം ഇങ്ങനെ, ‘ഞാന്‍ ഫേസ്ബുക്കിലെ കുറിപ്പെഴുതിയപ്പോള്‍ എല്ലാം എന്റെ മുന്നില്‍ വന്നിരുന്നു. ഒരുപാട് ആലോചിച്ചിട്ട് തന്നെ എഴുതിയതാണ്. ഇത് ഒരു വിരലനക്കം പോലുമാവില്ലെന്ന് എനിക്കറിയാം. ഒന്നുമല്ലെന്ന് എനിക്കറിയാം. പക്ഷേ, ഇതുപോലെ ചെയ്തില്ലെങ്കില്‍ പിന്നെ മനുഷ്യനെന്ന് പറഞ്ഞ് ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നിയിട്ടാണ് എഴുതിയത്. ഇത്രപോലും ചെയ്യാതെ ഞാന്‍ കലാകാരനെന്ന് പറഞ്ഞ് കോമാളി വേഷം കെട്ടി നടക്കുന്നതില്‍ ഒരു കാര്യവുമില്ല’.

വ്യാഴാഴ്ച(04/02/21)യാണ് കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് തുടങ്ങിയവരുടെ ട്വീറ്റികള്‍ക്കെതിരെയുണ്ടായ വിമര്‍ശനത്തില്‍ പ്രതികരിച്ച് സലിം കുമാര്‍ രംഗത്തെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →