വൈൽഡ് കാർഡ് എൻട്രി യിലൂടെ ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയപ്പോഴാണ് ആർ ജെ സൂരജ് നെ കുറിച്ച് പ്രേക്ഷകർ കൂടുതൽ മനസ്സിലാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ സൂരജിന്റെ കുറിപ്പാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
എൻറെ വീട്ടിൽ ഇന്നും നെൽകൃഷി ഉണ്ട് . വർഷാവർഷം ചുരുങ്ങിയത് അഞ്ചു ചാക്ക് നെല്ല് വീട്ടിൽ ഉണ്ടാക്കുന്നുണ്ട്. വീട്ടിൽ പശുക്കളുണ്ട്. ദിവസേന ഒരു ലിറ്റർ പാലെങ്കിലും കിട്ടുന്നുണ്ട്. കോഴികളുള്ളത് കൊണ്ട് മുട്ട ആവശ്യത്തിന് കിട്ടുന്നു. തെങ്ങുകളുള്ളത് കൊണ്ട് തേങ്ങക്കും ക്ഷാമമില്ല – മാവുകൾ ഉണ്ട് , വർഷാവർഷം സീസണിൽ ചെറിയതോതിൽ മാങ്ങ വിൽക്കാറുണ്ട്. കശുമാവും കവുങ്ങും കുരുമുളകും റബ്ബറും ഉണ്ട് .അത്യാവശ്യം വരുമാനത്തിനു അതു മതി. ഇതൊന്നും ഞാൻ കൃഷി ചെയ്തതല്ല. എൻറെ അച്ഛൻ കൃഷിചെയ്ത് ഉണ്ടാക്കിയതാണ്. എന്നാൽ അദ്ദേഹം ഒരു കൃഷിക്കാരൻ അല്ല . മറിച്ച് ഒരു സ്കൂൾ പ്രിൻസിപ്പാൾ ആയി രണ്ടുകൊല്ലം മുന്നേ റിട്ടയർ ചെയ്ത ഒരാളാണ്. ഇതൊക്കെ അദ്ദേഹം നേരം വെളുക്കുമ്പോൾ മുതലും വൈകിട്ട് സ്കൂളിൽ നിന്ന് വന്ന ശേഷവും പരിപാലിച്ചു കൊണ്ട് ഉണ്ടാക്കിയവയാണ്. ഇന്ന് ഇത് നിലനിന്ന് കാണുമ്പോൾ , ആസ്വദിക്കുമ്പോൾ അദ്ദേഹത്തിലെ കർഷകനോട് എനിക്ക് ബഹുമാനവും അഭിമാനവുമാണ്. ഞാനായിട്ട് പുതിയതൊന്നും ഉണ്ടാക്കിയില്ലെങ്കിലും ഉള്ളതിനെ നിലനിർത്തണമെന്ന് ആഗ്രഹമുണ്ട്.
ഇതുപോലെതന്നെ എൻറെ അയൽ വീടുകളിലും, ഭാര്യ വീട്ടിലും, അമ്മ വീട്ടിലും, കൃഷിയും പശുക്കളും കോഴിയും തെങ്ങും റബ്ബറും ഒക്കെയുണ്ട് അത്തരത്തിലുള്ള കർഷക മനസ്സുള്ളവരാൽ സമ്പന്നമായ മനോഹര ഗ്രാമമാണ് എൻറെ ശ്രീകണ്ഠാപുരം കൊയ്ലി എന്ന നാട് . ഇതുപോലെ സമ്പന്നമായ നിരവധി നാടുകൾ ആണ് നമ്മുടെ കേരളത്തിലെയും ഇന്ത്യയിലെയും ഭാവി പ്രതീക്ഷകൾ . അരിക്കും പലവ്യഞ്ജനങ്ങൾക്കും വിലകൂടുന്ന വാർത്ത ദിനംപ്രതി കേൾക്കുമ്പോഴും അച്ഛനിലെ കർഷകൻറെ സമ്പത്ത് ഞങ്ങളുടെ വീടിൻറെ വിശ്വാസമാണ്. ഇങ്ങനെ സാധാരണ കർഷകർക്ക് മേലുള്ള വിശ്വാസമാണ് ലോകത്തിലെതന്നെ നിലനിൽപ്പ്. കാരണം അധ്വാനത്തിനെ വില അറിഞ്ഞു ഉണ്ടാക്കുന്നതിനെ മറ്റുള്ളവർക്ക് കൊടുക്കാനും അത് സംരക്ഷിക്കാനും മടിയുണ്ടാവില്ല , ആ മനസ്സ് സകലവും കാൽച്ചുവട്ടിൽ ഒതുക്കാൻ ഇറങ്ങിയ കോർപ്പറേറ്റ് ഭീമന്മാർക്ക് ഉണ്ടാകുമെന്ന് എങ്ങനെ വാദിച്ചാലും തെളിയിക്കാനും ആകില്ല. അതിനെ കിടപിടിക്കുന്നതാണ് ഭരണകൂടം എങ്കിൽ രാഷ്ട്രീയത്തിനതീതമായി രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാൻ പ്രജകൾ തയ്യാറാവണം. അല്ലെങ്കിൽ ഭാവിയിൽ വൗ ബ്യൂട്ടിഫുൾ ” എന്ന് പറഞ്ഞ് നൊസ്റ്റാൾജിയയടിക്കാൻ പോലും ഒരു കാഴ്ച നമുക്ക് ഇല്ലാതാകുമെന്നും ആയിരുന്നു സൂരജ് കുറിച്ചത്.

