റായ്പൂർ: താൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി മരുമകൻ തന്റെ പേരിലുള്ള വസ്തു തട്ടിയതായി അമ്മാവന്റെ പരാതി. ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലെ ബുധാർ ഗ്രാമത്തിൽ താമസിക്കുന്ന കാളിചരൻ വിപ്ത എന്ന 79 കാരനാണ് മരുമകനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
സർട്ടിഫിക്കറ്റ് റദ്ദാക്കാനായി റവന്യൂ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഇപ്പോൾ ഈ വയോധികൻ. ഉദ്യോഗസ്ഥർ യാതൊരു അന്വേഷണവും നടത്താതെ സർട്ടിഫിക്കറ്റ് നൽകിയതായി ജില്ലാ കളക്ടർക്ക് അയച്ച കത്തിൽ വിപ്ത പറഞ്ഞു.
മരണ സർട്ടിഫിക്കറ്റുണ്ടാക്കിയ മരുമകൻ തന്റെ പേരിലെ ഭൂമി കൈയേറ്റം ചെയ്തതായും പരാതിയിലുണ്ട്.
“ഇതാണ് ഏറ്റവും സങ്കടകരമായ കാര്യം, ഈ പ്രായത്തിൽ ഞാൻ ചതിക്കപ്പെട്ടു. എന്നെ സഹായിക്കാൻ ഞാൻ ഛത്തീസ്ഗഡ് സർക്കാരിനോട് അപേക്ഷിക്കുന്നു. ”
വിപ്ത പറഞ്ഞു.
“മുത്തച്ഛൻ ആറുമാസം മുമ്പ് പ്രാദേശിക തഹസിൽ ഓഫീസിൽ കുടുംബ ഭൂമി വിഭജിക്കുന്നതിന് അപേക്ഷ നൽകിയിരുന്നു. അപ്പൊഴാണ് സംഗതി വെളിച്ചത്തു വന്നത് ” വിപ്തയുടെ ചെറുമകനായ ലക്ഷ്മൺ യാദവ് പറഞ്ഞു.
മരണ സർട്ടിഫിക്കറ്റ് പഞ്ചായത്ത് സെക്രട്ടറിയാണ് നൽകിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കോടതി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ” അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്ന് കളക്ടർ എസ്എൻ റാത്തോഡ് അറിയിച്ചു.

