വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ഭയന്ന് അമേരിക്കയിലെ വിമാനത്താവളത്തിലെ നിയന്ത്രിത മേഖലയില്‍ മൂന്നു മാസത്തോളം ഒളിച്ചു താമസിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍. ചിക്കാഗോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ ഒളിച്ചു കഴിഞ്ഞ ആദിത്യ സിംഗ് എന്ന ആളാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലെ നിയന്ത്രിത മേഖലയില്‍ അതിക്രമിച്ച് കടന്നതിനും മോഷണക്കുറ്റത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തു. തിരിച്ചറിയൽ കാർഡ് പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
നിയന്ത്രിത മേഖലയിൽ ഇയാളെ കണ്ടെത്തിയ യുണൈറ്റഡ് എയര്‍ലൈന്‍സിലെ രണ്ട് ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആദിത്യയോട് ആവശ്യപ്പെട്ടു. ഒരു ഓപ്പറേഷന് മാനേജരുടേ കാർഡാണ് ആദിത്യ കാണിച്ചത്. തുടർന്ന് അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുമ്പ് ലോസ് ആഞ്ചലസിലെ താമസക്കാരനായിരുന്ന ഇയാൾ 2020 ഒക്ടോബർ 19 മുതൽ ചിക്കാഗോ വിമാനത്താവളത്തിലാണ് താമസിച്ചിരുന്നത്. ലോസ് ആഞ്ചല്‍സില്‍ നിന്നും ആദിത്യ സിംഗ് വിമാനമാര്‍ഗം ചിക്കാഗോ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. അന്നു മുതല്‍ വിമാനത്താവളത്തിന്റെ സുരക്ഷാ മേഖലയില്‍ താമസിച്ചു വരികയാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു.

