ചണ്ഡിഗഢ്: പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം തുടരുന്നതിനിടെ ബിജെപി- ജെജെപി നേതാക്കള്‍ക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് സ്ഥാപിച്ച്് ഹരിയാനയിലെ ഗ്രാമങ്ങളിലെ കര്‍ഷകര്‍. ഭരണകക്ഷിയില്‍ പെട്ട എം എല്‍ എമാരെയും മന്ത്രിമാരെയും ബഹിഷ്കരിക്കാനാണ് ഗ്രാമവാസികളുടെ തീരുമാനം. 60 ഓളം ഹരിയാന ഗ്രാമങ്ങള്‍ ഇതു സംബന്ധിച്ചുള്ള പ്രമേയങ്ങളും പാസാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു കര്‍ഷകന്റെ പ്രതിഷേധമല്ലിത്. കര്‍ഷകര്‍ യോഗം ചേര്‍ന്നാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അംബാല ജില്ലയിലെ ബറോല ഗ്രാമവാസികളും സമാന തീരുമാനമെടുത്തിട്ടുണ്ട്.സര്‍ക്കാര്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കുകയാണ്. താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇപ്പോള്‍ തന്നെ നെല്ലും പരുത്തിയുമൊക്കെ കര്‍ഷകര്‍ വില്‍ക്കുന്നത്. കര്‍ഷകരുടെ പ്രതിഷേധം ഹരിയാനയിലെ സഖ്യസര്‍ക്കാരിന്റെ അന്ത്യം കുറിക്കും. വര്‍ഷങ്ങളായി രാഷ്ട്രീയക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ്. ഇപ്പോള്‍ അവര്‍ കര്‍ഷക സമൂഹത്തെ നശിപ്പിക്കാന്‍ നിയമവും പാസാക്കിയെന്ന് കര്‍ഷകര്‍ പറയുന്നു.
എന്നാല്‍ ഹരിയാനയിലെ സര്‍ക്കാര്‍ നിലവില്‍ ഭീഷണികള്‍ ഒന്നും നേരിടുന്നില്ലെന്നാണ് ഉന്നത നേതാക്കള്‍ പറയുന്നത്. ബി ജെ പി ജെ ജെ പി സഖ്യ സര്‍ക്കാരിനു ഭീഷണിയൊന്നുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബിജെപി – ജെജെപി നേതാക്കള്‍ക്ക് പ്രവേശനമില്ലെന്ന് 60 ഓളം ഹരിയാന ഗ്രാമങ്ങള്‍
