തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ അഭിമാനമുദ്രയായി ലോകനിലവാരത്തില്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്. ലോകടൂറിസം ഭൂപടത്തിലെ ഹോട്ട് സ്പോട്ടായ കോവളത്തിനുസമീപം വെള്ളാറിലാണ് കരകൗശല-കലാഗ്രാമം അണിഞ്ഞൊരുങ്ങി സഞ്ചാരികളെ കാത്തു നില്ക്കുന്നത്.
എട്ടര ഏക്കര്‍ മനോഹരമായി ലാന്‍ഡ്‌സ്‌കേപ് ചെയ്തു നിര്‍മ്മിച്ച എംപോറിയം, ആര്‍ട്ട് ഗാലറി, സ്റ്റുഡിയോകള്‍, ഡിസൈന്‍ സ്ട്രാറ്റജി ലാബ്, പ്രത്യേക കൈത്തറിഗ്രാമം, ഓഡിറ്റോറിയം തുടങ്ങിയവയൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു. കുളം, മേള കോര്‍ട്ട്, ഗെയിം സോണുകള്‍, പുസ്തകശാല, വായനശാല, കഫെറ്റീരിയ, റസ്റ്റോറന്റ്, വാക്ക് വേകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ടോയ്‌ലറ്റ് ബ്ലോക്കുകള്‍, ഓഫീസ്, അടുക്കള, റോഡുകള്‍, തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ടൂറിസം വകുപ്പിന്റേതാണ് 750 കരകൗശല, കൈത്തൊഴില്‍ കലാകാരന്‍മാര്‍ക്ക് ഉപജീവനം ഒരുക്കുന്ന ഈ പദ്ധതി. ടൂറിസം വകുപ്പിനു കീഴില്‍ കോഴിക്കോട് ഇരിങ്ങലിലുള്ള സര്‍ഗ്ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിനെ ചുരുങ്ങിയകാലംകൊണ്ട് ആഗോളാംഗീകാരത്തിലേക്കു വളര്‍ത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ക്രാഫ്റ്റ് വില്ലേജും പുനര്‍നിര്‍മ്മിച്ച് നടത്തുന്നത്. പ്രവേശനകവാടത്തിന് സമീപം 28 സ്റ്റുഡിയോകളിലായി 50ഓളം ക്രാഫ്റ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നു. കൗതുകവസ്തുക്കള്‍ എന്നതിനപ്പുറം പലവിധ ഉപയോഗങ്ങള്‍ ഉള്ളവയാണു മിക്കതും. ഉപഹാരങ്ങളും ആഭരണങ്ങളും വസ്ത്രങ്ങളും വീടും ഓഫീസും അലങ്കരിക്കാവുന്ന മികച്ച നിലവാരമുള്ള വസ്തുക്കളും വീട്ടുപകരണങ്ങളും ഓഫീസുപകരണങ്ങളും ഫര്‍ണീച്ചറും ഇവിടെയുണ്ട്.
ദാരുശില്പ വിഭാഗത്തില്‍ തേക്കും റോസ് വുഡ്ഡും വൈറ്റ് വുഡ്ഡും കാണാം. പെയിന്റിങ്ങുകള്‍, പ്രതിമകള്‍, ചുവര്‍ച്ചിത്രങ്ങള്‍, കൗതുകവസ്തുക്കള്‍, സ്മരണികകള്‍, കളിപ്പാട്ടങ്ങള്‍, പൂരം ക്രാഫ്റ്റ്, ഹമ്മോക്കുകള്‍, ഡ്രൈ ഫ്ളവര്‍ തുടങ്ങിയവയെല്ലാം കിട്ടുന്ന സിംഗിള്‍ പോയിന്റ് ഹബ്ബാണ് ഇവിടം.കല്ലും മണ്ണും ലോഹങ്ങളും ഗ്ലാസും തൊട്ട് തടിയും പനമ്പും പനയോലയും തഴയും മുളയും ഈറ്റയും ചിരട്ടയും ചകിരിയും തുണിയും കടലാസും വരെയുള്ള വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളില്‍നിന്ന് ഇവയൊക്കെ രൂപപ്പെട്ടു വരുന്നതിന്റെ കൗതുകക്കാഴ്ചയും ഇവിടെ കാണാം. താത്പര്യമുള്ളവര്‍ക്കു നിര്‍മ്മാണത്തില്‍ പങ്കാളിയുമാകാം. കേരളത്തിന്റെ പൈതൃകങ്ങളായി അംഗീകരിച്ചു ‘ദേശസൂചകോത്പന്നപദവി’ ആര്‍ജ്ജിച്ച ആറ•ുളക്കണ്ണാടി, പെരുവമ്പ് വാദ്യോപകരണങ്ങള്‍, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നെട്ടൂര്‍ പെട്ടികള്‍, മുട്ടത്തറ ദാരുശില്‍പ്പങ്ങള്‍, തഴവ തഴയുത്പന്നങ്ങള്‍ എന്നിവയൊക്കെ ഒരുക്കിയിട്ടുണ്ട്. ഇവയില്‍ പലതും നിര്‍മ്മാണസ്ഥലത്തിനുപുറത്തു വാങ്ങാന്‍ കിട്ടുന്നതും ഇവിടെയാണ്.
ബാലരാമപുരം, ചേന്ദമംഗലം, കുത്താമ്പുള്ളി, കണ്ണൂര്‍ ശൈലികളടക്കം കേരളത്തിലെ എല്ലാ പാരമ്പര്യ നെയ്ത്തുരീതികളും എല്ലാ നൂതന രീതികളും പരിചയപ്പെടുത്തുന്ന നെയ്ത്തുഗ്രാമം ഇവിടെയുണ്ട്. അതില്‍ നാച്ചുറല്‍ ഡൈയിങ് ഉള്‍പ്പെടെ നെയ്ത്തിലെ എല്ലാ ഘട്ടങ്ങളും തത്സമയം കാണാം. നെയ്ത്തിന്റെ സാദ്ധ്യതകള്‍ പരിപോഷിപ്പിക്കാന്‍ കൈത്തറിവകുപ്പുമായി ചേര്‍ന്ന് പരിശീലനപരിപാടികളും പ്രദര്‍ശനങ്ങളും പ്രവര്‍ത്തനപരിപാടിയില്‍ ഉണ്ട്.ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളിലെ പട്ടചിത്ര പെയിന്റിങ്, പ്രാചീന ഈജിപ്റ്റില്‍ ആവിര്‍ഭവിച്ചതായി കരുതുന്ന വര്‍ണ്ണോജ്ജ്വലമായ പേപ്പര്‍ ക്വില്ലിങ് തുടങ്ങിയവ ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്ക് കരകൗശലസ്റ്റുഡിയോകളില്‍ കലാകാരന്‍മാരുമായി അടുത്തിടപഴകാം. നിര്‍മ്മാണത്തില്‍ പങ്കെടുക്കുകയും ചെയ്യാം. സ്വന്തമായി രൂപകല്പന ചെയ്ത് ‘ഡിസൈനര്‍ ഐറ്റം’ മാതൃകയില്‍ സോവനീര്‍ നിര്‍മ്മിച്ചുവാങ്ങാനും അവസരമുണ്ട്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ സ്വീകരിച്ച് ഉപഭോക്താവു നല്കുന്ന രൂപകല്പനയുടെ മാതൃകയില്‍ ഉത്പന്നം നിര്‍മ്മിച്ച് അയച്ചുകൊടുക്കാനുള്ള സാദ്ധ്യതയും ആലോചനയിലുണ്ട്.കൈത്തൊഴില്‍, കരകൗശല, കലാരംഗങ്ങളില്‍ ഗുണമേ• ഉയര്‍ത്താനും വിപണി വികസിപ്പിക്കാനും മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനുമുള്ള വിപുലമായ പരിപാടികളാണ് ഒരുങ്ങുന്നത്. ഇതെല്ലാം സാദ്ധ്യമാക്കാന്‍ പദ്മശ്രീ ജേതാവ് ഗോപി മാസ്റ്ററും ശില്പഗുരു അവാര്‍ഡ് ജേതാവ് കെ. ആര്‍. മോഹനനും ധാരാളം ദേശീയ, സംസ്ഥാന അവാര്‍ഡ് ജേതാക്കളും അടങ്ങുന്ന മികച്ച കലാകാരരുടെ നിരതന്നെയാണ് ഇവിടെയുള്ളത്. ഇവിടെയുള്ള എമ്പോറിയം എല്ലാ രാജ്യത്തിന്റെയും ലോകനിലവാരത്തിലുള്ള ക്രാഫ്റ്റുകളുടെയും ചിത്രങ്ങളുടെയും വിപണനത്തിനു വേദിയാകും. തെരഞ്ഞെടുക്കുന്ന ചിത്രകാരരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും പ്രത്യേക പ്രദര്‍ശനങ്ങളും ഒരുക്കും.
സുഗന്ധവിളത്തോട്ടം, ഔഷധത്തോട്ടം, ശലഭോദ്യാനം, ഇവല്യൂഷന്‍ ഗാര്‍ഡന്‍ തുടങ്ങിപലയിനം ഉദ്യാനങ്ങളാണു മറ്റൊരു പ്രധാന ആകര്‍ഷണം. ലോക – ഇന്ത്യന്‍ – മലയാള സാഹിത്യങ്ങളിലെ മഹത്തായ കൃതികളുടെ ശേഖരമുള്ള പുസ്തകശാലയും സജ്ജീകരിക്കും. അവിടെ വാങ്ങലിനും ഡിജിറ്റലും അല്ലാത്തതുമായ വായനയ്ക്കും സൗകര്യമുണ്ടാകും. ഭാവിയില്‍ ട്രയിനിങ് ക്ലബായി വികസിപ്പിക്കാവുന്ന ഒരു ഗെയിം സോണും ആലോചനയിലുണ്ട്.രാജ്യാന്തരനിലവാരത്തില്‍ പെയിന്റിങ്, ടെറാക്കോട്ട, കൈത്തറി, ശില്പങ്ങള്‍, മുള-ഈറ്റയുത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി നിശ്ചിത തീം അടിസ്ഥാനമാക്കി ആര്‍ട്ട് & ക്രാഫ്റ്റ് ബിനാലെയും വര്‍ക്ക് ഷോപ്പുകളും എല്ലാക്കൊല്ലവും സംഘടിപ്പിക്കും. ഏപ്രിലിലും സെപ്തംബറിലും ക്രാഫ്റ്റ് – ഫുഡ് ഫെസ്റ്റിവലുകളും കലാമേളകളും വില്ലേജിന്റെ കലണ്ടറില്‍ ഉണ്ട്.