ജന്മനാ കാഴ്ചയില്ലാത്തവർക്ക് ഈ ലോകത്തെ കുറിച്ച് ഒന്നും അറിയാൻ സാധിക്കില്ല. അതുകൊണ്ട് അങ്ങിനെയുള്ളവർക്ക് ഒരിക്കലും കാഴ്ചയില്ലായ്മ ഒരു പോരായ്മയായി തോന്നുകയില്ല. എന്നാൽ ജനിക്കുമ്പോൾ കാഴ്ചയുണ്ടായിരുന്നിട്ട് പിന്നീടത് നഷ്ടപെടുമ്പോഴുള്ള വേദന താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഭൂമിയുടെ സൗന്ദര്യം ഒരിക്കലെങ്കിലും കണ്ട് ആസ്വദിച്ച ഒരാൾക്ക് പിന്നീടത് കാണാൻ സാധിക്കാതാവുമ്പോൾ അവർക്കുണ്ടാവുന്ന മാനസിക സംഘർഷം ഏറെ വലുതാണ്. അങ്ങിനെയുള്ള ഒരാളാണ് മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് ചെട്ടിയാംകിണർ സി കെ മുഹമ്മദ് കുട്ടി റുഖിയ ദമ്പതികളുടെ മകൻ നബീൽ. ജനിക്കുമ്പോൾ കാഴ്ചയുണ്ടായിരുന്ന നബീലിന് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് തൻ്റെ കണ്ണിലെ പ്രകാശം നഷ്ടപെട്ടു തുടങ്ങിയത് . ഏകദേശം 2012 -2013 ലാണ് ചെങ്കണ്ണ് വന്നതിനെ തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം കണ്ണിൽ ഒഴിച്ച മരുന്നിന്റെ റിയാക്ഷനായിരുന്നു നബീലിന് കാഴ്ച നഷ്ടപെടാനുള്ള കാരണം. ആ സമയത്ത് കുറെ ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൂർണ്ണമായും കാഴ്ച നഷ്ടപ്പെടാത്ത നബീലിന് മുപ്പത് ശതമാനത്തോളം കാഴ്ചയുണ്ടെങ്കിലും കണ്ണുനീർ ഇല്ലാത്തത് മൂലം കണ്ണുകൾ Dry ആവുകയും അത് കാരണം നേരത്തെ ചെയ്ത് കൊണ്ടിരുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റാതെ വരികയും ചെയ്തു.
കാഴ്ച നഷ്ടപ്പെട്ടു തുടങ്ങിയ സമയത്ത് വളരെയധികം മനോവേദനയിലൂടെ കടന്നു പോവേണ്ടി വന്ന നബീൽ ഇന്ന് ആ ബുദ്ധിമുട്ടിനെ തരണം ചെയ്തു കൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയും ടെക്നിക്കലായിട്ടുള്ള പല കാര്യങ്ങളും ചെയ്തു കൊണ്ട് നബീൽ തൻ്റെ ജീവിതം പടുത്തുയർത്തി.
ഇത് നബീലിൻ്റെ മാത്രം കഥയല്ല. ഇത് പോലെ ഒട്ടനവധി ആളുകൾ നമ്മുടെ കൂട്ടത്തിൽ ജീവിക്കുന്നുണ്ട്. കാഴ്ച പരിമിതരായിട്ടുള്ള ആളുകളെ ഒരുമിച്ച് ഒരു കുടക്കീഴിൽ ചേർത്തു നിർത്തുന്ന ഓൺലൈൻ കൂട്ടായ്മയാണ് വിജ്ഞാനദീപം. ജന്മനാ കാഴ്ചയില്ലാത്തവരും, ജനിച്ചതിന് ശേഷം കാഴ്ച നഷ്ടപെട്ടവരും, പൂർണ്ണമായും കാഴ്ചയില്ലാത്തവരും, പാതി കാഴ്ചയുള്ളവരും ഈ കൂട്ടായ്മയിലുണ്ട് .
കാഴ്ചക്ക് ബുദ്ധിമുട്ട് നേരിടുന്ന ആളുകൾക്ക് വേണ്ടി പുസ്തകങ്ങൾ വായിച്ച് ഓഡിയോ ബുക്ക് രൂപത്തിലേക്ക് മാറ്റിക്കൊണ്ട് കാഴ്ച പരിമിതരായവർക്ക് കേൾക്കാൻ സാധിക്കുന്ന രീതിയിൽ ലൈബ്രറിയിൽ സൂക്ഷിക്കുന്നു.
2019 ആഗസ്റ്റിൽ വേൾഡ് ഓഫ് ലൈറ്റ് എന്ന പേരിൽ ചെറിയൊരു സംരംഭമായി ജന്മനാ പൂർണ്ണമായും കാഴ്ചയില്ലാത്ത കാസർക്കോട്ടുക്കാരൻ റൗഫ് എന്ന ചെറുപ്പക്കാരനാണ് കാഴ്ചയില്ലാത്തവരുടെ വായനക്ക് പ്രചോദനം കൊടുക്കുന്നതിന് വേണ്ടി തുടങ്ങി വെച്ചത്. അന്ന് റൗഫിൻ്റെ കൂടെ നബീലും ഉണ്ടായിരുന്നു. തുടങ്ങിയ കാലത്ത് അമ്പതോളം വിഷ്വലി ഇംപേഡായിട്ടുള്ളവരും അവർക്ക് പുസ്തകങ്ങൾ വായിച്ച് കൊടുക്കാനായി പത്തിൽ കുറഞ്ഞ വോളണ്ടിയേഴ്സും മാത്രമാണു ണ്ടായിരുന്നത് .
പിന്നീട് അതിലേക്ക് അധ്യാപകനായ ശുഹൈബ് മാഷ് വരികയും ശേഷം അത് ഓരോരുത്തരിലേക്കായി എത്തി ചേർന്നു കൊണ്ടിരുന്നു. ഇന്ന് വിജ്ഞാനദീപം എന്ന പേരിൽ കേരളം മുഴുവൻ അറിയപെടുന്ന ഒരു വലിയ സംരഭമായി മാറിയിരിക്കുന്നു ഈ കൂട്ടായ്മയിൽ ഇപ്പോൾ പുസ്തകങ്ങളും വായനയുമായി ഏകദേശം ഇരുന്നൂറോളം വോളണ്ടിയേഴ്സും.